
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ സൈബർ ആക്രമണം.സതീശന്റെ സാമൂഹിക മാധ്യമ പോസ്റ്റുകൾക്ക് താഴെയും കോൺഗ്രസ് അനുകൂല സൈബർ ഹാൻഡിലുകളിൽ നിന്ന് അസഭ്യ വർഷം തുടരുകയാണ്. ലൈംഗിക ചൂഷണ വിവാദത്തിൽ പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാടുകളും മുഖ്യമന്ത്രിക്ക് ഒപ്പം ഓണ സദ്യ കഴിച്ചതുമാണ് സൈബർ ആക്രമണത്തിന് കാരണം.
ലൈംഗിക ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കർശന നടപടിയെടുക്കണമെന്ന് തുടക്കം മുതൽ നിലപാടെടുത്തതും അത് പരസ്യമായി പ്രഖ്യാപിച്ചതും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. പൂർണ ബോധ്യമുള്ള കാര്യമാണ് ചെയ്യുന്നതെന്നും നിലപാടിൽ ഒരിഞ്ച് വിട്ടു വീഴ്ചക്കില്ലെന്നും പ്രതിപക്ഷ നേതാവ് ആവർത്തിക്കുകയാണ്. റീൽസിലും സോഷ്യൽ മീഡിയയിലും കാണുന്നവരല്ല ശരിക്കുള്ള കോൺഗ്രസ് എന്ന് പറഞ്ഞുവച്ചത് രാഹുലിനും ഷാഫി പറമ്പിലിനും എതിരെയുള്ള ഒളിയമ്പായി. ഇതാണ് സൈബർ പോരാളികളെ ചൊടിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്തിനെതിരെയുള്ള കസ്റ്റഡി മർദന ദൃശ്യങ്ങൾ പുറത്തുവന്ന ദിവസം മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാൻ പോയതും വലിയ വിമർശനങ്ങൾക്ക് ഇടവച്ചിട്ടുണ്ട്. ഫേസ്ബുക്കിലും വാർത്താസമ്മേളനങ്ങളിലും സംസാരിച്ചാൽ പോരാ മുന്നിൽ നിന്ന് പട നയിച്ചു കാണിക്കാനാണ് സൈബർ ഇടങ്ങളിലെ ആവശ്യം. ഉണ്ണാൻ പോയപ്പോൾ മുഖ്യമന്ത്രിയോട് പറഞ്ഞാൽ പോരായിരുന്നോ എന്ന് ചോദിക്കുന്ന കമന്റുകളും ഉണ്ട്.
വി.ഡി. സതീശന്റെ ഫേസ്ബുക്ക് റീലുകൾക്ക് താഴെ കേട്ടാൽ അറയ്ക്കുന്ന അസഭ്യങ്ങള്‍ വരെ ചേർത്തുള്ള കമന്റുകൾ ആണുള്ളത്. അത് കൂടാതെ പല സൈബർ സംഘങ്ങളും സ്വന്തം നിലയിലും സതീശനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യക്തി അധിക്ഷേപം തുടരുകയാണ്.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ എടുത്ത നിലപാട് ഉത്തമ ബോധ്യത്തിൽ ആണെന്നും അതിൽ നിന്ന് പിന്നോട്ട് പോകേണ്ട കാര്യമില്ലെന്നും സതീശൻ ആവർത്തിക്കുന്നു. ഉയർന്ന ആരോപണങ്ങളിൽ നിന്ന് പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടിയായിരുന്നു സസ്പെൻഷൻ എന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ വാദം. കോൺഗ്രസ് അനുകൂല സൈബർ പോരാളികളെ ഒന്നടങ്കം അധിക്ഷേപിക്കുന്ന നിലപാടാണ് വി.ഡി. സതീശന്റേതെന്ന് രാഹുൽ ഫാൻസുകാർ വാദിക്കുമ്പോൾ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട എന്ന നിലപാടിലാണ് സതീശൻ.
രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും അറിഞ്ഞുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നും സതീശൻ അനുകൂലികൾ വിശ്വസിക്കുന്നുണ്ട്. സഭാ സമ്മേളനത്തിലേക്ക് രാഹുൽ എത്തരുതെന്നു തന്നെയാണ് വി.ഡി. സതീശന്റെ നിലപാട്. അങ്ങനെ വന്നാൽ പ്രതിപക്ഷത്തിന്റെ ഭരണപക്ഷത്തിനെതിരെയുള്ള ആയുധങ്ങളുടെ മൂർച്ച കുറയും. ഫോക്കസ് മാറും. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാർട്ടിയെ കുഴപ്പത്തിലാക്കരുതെന്ന നിലപാടും രാഹുൽ അനുകൂല നേതൃത്വത്തോട് സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.