കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്. കോൺഗ്രസ് സ്വീകാര്യമായ ഓഫർ വെയ്ക്കുകയാണെങ്കിൽ, സ്വീകരിക്കുന്നതാണ് രാഷ്ട്രീയ ശരിയെന്ന് വിശ്വസിക്കുന്നതായി സണ്ണി എം. കപിക്കാട് പറഞ്ഞു. കൂടുതൽ സാധ്യതയുള്ള സീറ്റ് നൽകുന്ന കാര്യം തീരുമാനിക്കേണ്ടത് യുഡിഎഫാണെന്നും സണ്ണി എം. കപിക്കാട് ന്യൂസ് മലയാളത്തോട് പറഞ്ഞു.
പിണറായി വിജയൻ സർക്കാരിനോട് പലതരത്തിലുള്ള അസംതൃപ്തി പൊതുസമൂഹത്തിലുണ്ടെന്ന് സണ്ണി എം. കപിക്കാട് പറയുന്നു. ജനങ്ങൾക്കുള്ള അസംതൃപ്തി തിരുത്താൻ നിലവിൽ യുഡിഎഫിന് കഴിയുമെന്നാണ് സണ്ണിയുടെ പക്ഷം. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ കേരളീയ പൊതുസമൂഹത്തിന്റെ രാഷ്ട്രീയ നിഗമനത്തിൽ എന്തോ തെറ്റ് പറ്റുന്നുവെന്നാണ് അർഥമെന്നും സണ്ണി എം. കപിക്കാട് അഭിപ്രായപ്പെട്ടു.
സണ്ണി എം. കപിക്കാടിനെ വൈക്കത്ത് മത്സരിപ്പിക്കുന്നത് യുഡിഎഫ് പരിഗണിക്കുന്നുണ്ട്. വൈക്കം എൽഡിഎഫിന്റെ സുരക്ഷിത മണ്ഡലമാണെന്ന് പറയാൻ കഴിയില്ലെന്ന് സണ്ണി പറഞ്ഞു. സുരക്ഷിത മണ്ഡലം എന്നൊന്നില്ല. വോട്ടർമാരാണ് അത് തീരുമാനിക്കുന്നത്. വി.എസ്. അച്യുതാനന്ദന് വരെ തോൽവി ഉണ്ടായിട്ടുണ്ടെന്നും സണ്ണി കൂട്ടിച്ചേർത്തു.