
ദളിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി അപമാനിച്ച സംഭവത്തില്‍ തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം. എസ്എച്ച്ഒ ശിവകുമാറിനെ കോഴിക്കോടേക്കാണ് സ്ഥലം മാറ്റിയത്. പൊതു സ്ഥലംമാറ്റത്തിനൊപ്പമാണ് നടപടി.
ഏപ്രില്‍ 23നായിരുന്നു പേരൂര്‍ക്കടയില്‍ മോഷണക്കുറ്റം ചുമത്തി ദളിത് യുവതി ബിന്ദുവിനെ 20 മണിക്കൂര്‍ കസ്റ്റഡിയില്‍ ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കിയത്. സംഭവത്തില്‍ പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രദീപിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി.
വീട്ടുജോലി കഴിഞ്ഞ് മടങ്ങും വഴി ബിന്ദുവിന് പേരൂര്‍ക്കട സ്റ്റേഷനില്‍ നിന്നും ഒരു ഫോണ്‍കോള്‍ വന്നത്. ജോലി ചെയ്ത വീട്ടിലെ ഉടമയുടെ മാല നഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു കോള്‍. മാല മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു തറപ്പിച്ച് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നും തിരിച്ചുകേട്ടത് ചീത്ത വിളികളാണ്. പിന്നാലെ ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വിവരം കുടുംബത്തെ അറിയിക്കാന്‍ പോലും ബിന്ദുവിനെ പൊലീസ് അനുവദിച്ചില്ല. പിന്നാലെ മഫ്തിയിലുള്ള പൊലീസ് സംഘം പരാതിക്കാരിയുടെ കാറില്‍ ബിന്ദുവുമായി വീട്ടിലേക്ക് തിരിച്ചു. തൊണ്ടിമുതല്‍ തേടിയായിരുന്നു പൊലീസ് വീട്ടിലെത്തിയത്. ഒരു സംഘം ആളുകള്‍ക്കൊപ്പം ബിന്ദു വീട്ടിലേക്ക് വരുന്നത് കണ്ട ഭര്‍ത്താവിന് ആദ്യം കാര്യം മനസ്സിലായിരുന്നില്ല.
ഭക്ഷണമോ വെള്ളമോ നല്‍കാതെ ഒരു രാത്രി മുഴുവന്‍ പൊലീസ് ബിന്ദുവിനെ കസ്റ്റഡിയില്‍ വെച്ചു. ഒടുവില്‍ നഷ്ടപ്പെട്ടു എന്ന് കരുതിയ മാല വീട്ടില്‍ നിന്നുതന്നെ തിരിച്ചുകിട്ടി. മേലാല്‍ കണ്ടു പോകരുതെന്ന താക്കീത് കൂടി നല്‍കിയായിരുന്നു ബിന്ദുവിനെ സ്റ്റേഷനില്‍ നിന്ന് പറഞ്ഞുവിട്ടത്. അനുഭവിച്ചതൊക്കെയും വിശദമാക്കി മുഖ്യമന്ത്രിക്കും ഡിജിപിക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിനും ബിന്ദു പരാതി നല്‍കിയിരുന്നു.