കണ്ണൂർ: യുവതിയുടെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനുമമെതിരെ പരാതിയുമായി റീമയുടെ അച്ഛൻ. "ഭർത്താവ് ഒരു ഘട്ടത്തിലും റീമയെ കേൾക്കാനോ പരിഗണിക്കാനോ തയ്യാറായില്ല. കുഞ്ഞിനെ കൂടെക്കൊണ്ടുപോകുമെന്ന ഭർത്താവിൻ്റെ പിടിവാശി മകളെ തളർത്തി", റീമയുടെ അച്ഛൻ മോഹനൻ പറഞ്ഞു. ഭർത്താവിൻ്റെ അമ്മയെക്കുറിച്ചും റീമ നിരവധി തവണ പരാതി പറഞ്ഞിരുന്നു. പ്രശ്നങ്ങൾ ഉണ്ടായിട്ടും മകൾ എല്ലാം സഹിച്ചു ജീവിക്കുകയാണ് ചെയ്തതെന്നും മോഹനൻ കൂട്ടിച്ചേർത്തു.
ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ചെമ്പല്ലിക്കുണ്ട് പുഴയിൽ വെങ്ങര നടക്കുതാഴെ സ്വദേശിനി റീമ മൂന്ന് വയസുള്ള മകൻ ഋഷിപ്പ് രാജിനെയുമെടുത്ത് പുഴയിൽ ചാടിയത്. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. റീമയുടെ ദേഹത്ത് കുഞ്ഞിനെ കെട്ടിയ ഷാളും കണ്ടെത്തിയിരുന്നു. പാലത്തിന് മുകളില്‍ നിന്ന് കുഞ്ഞിനെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയാണ് പുഴയിലേക്ക് ചാടിയത്. എന്നാൽ കുഞ്ഞ് ഷാളിൽ നിന്നും വേർപ്പെട്ട് പോകുകയായിരുന്നു.
ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയത് എന്നാണ് ആരോപണം. 2016 മുതൽ റീമയും ഭർതൃ വീട്ടുകാരും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. കുഞ്ഞ് ഉണ്ടായ ശേഷം ഭർതൃവീട്ടുകാരും റീമയും തമ്മിൽ സ്വരചേർച്ചയിലായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
ഗൾഫിൽ ജോലി ചെയ്തിരുന്ന ഭർത്താവ് മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സ്വന്തം വീട്ടിൽ താമസിച്ചിരുന്ന റീമയെയും കുഞ്ഞിനെയും കൂട്ടി ഭർത്താവ് ചില സ്ഥലങ്ങൾ കാണാൻ പോയിരുന്നു.അതിന് ശേഷം തിരികെ എത്തിയപ്പോൾ കുഞ്ഞിനെ തനിക്ക് വേണമെന്ന ആവശ്യം ഭർത്താവ് ഉന്നയിച്ചുവെന്നും നാട്ടുകാർ പറയുന്നു.
റീമയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ഇന്നലെ വൈകിട്ട് സ്വന്തം വാട്‌സ്ആപ്പിലാണ് റീമ ടൈപ്പ് ചെയ്ത് വെച്ചത്. തൻ്റെയും കുഞ്ഞിൻ്റെയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അദ്ദേഹത്തിൻ്റെ അമ്മയുമാണെന്നാണ് റീമയുടെ സന്ദേശം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)