മനസാക്ഷി ഇല്ലാത്ത ക്രൂരതയ്ക്ക് തൂക്കുകയര്‍; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമരയ്ക്ക് വധശിക്ഷ

പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും 2025 ജനുവരി 27നാണ് ചെന്താമര വെട്ടിക്കൊന്നത്.
ചെന്താമര
ചെന്താമര
Published on
Updated on

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്ക് നല്‍കണം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. സജിത വധക്കേസ് ഉള്‍പ്പെടെ പരാമര്‍ശിച്ചാണ്, ഇരട്ടക്കൊലപാതക കേസില്‍ കോടതി ശിക്ഷ വിധിച്ചത്. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും 2025 ജനുവരി 27നാണ് ചെന്താമര വെട്ടിക്കൊന്നത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇടക്കാല ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു ഇരട്ടക്കൊലപാതകം. ഈ കേസുകളിലെ ഏക പ്രതിയാണ് ചെന്താമര. കുറ്റകൃത്യം നടന്ന ഒന്നര വർഷമാകുമ്പോഴാണ് ശിക്ഷാ വിധി.

സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ ചെന്താമര തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയേയും വഴിയിലിട്ട് വെട്ടി. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി ആശുപത്രിയിൽ മരിച്ചു. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷക്കിടെ ഇടക്കാല ജാമ്യത്തിലിറങ്ങിയാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. ചെന്താമരയും ഭാര്യയും മക്കളും അകന്നു കഴിയുകയായിരുന്നു. കുടുംബത്തെ തനിക്കെതിരാക്കിയതിൽ സുധാകരനും കുടുംബത്തിനും പങ്കുണ്ടെന്ന് കരുതിയുള്ള പകയിലാണ് ചെന്താമര രണ്ട് തവണയായി മൂന്ന് പേരെ കൊന്നത്.

ചെന്താമര
നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ചെന്താമര കുറ്റക്കാരൻ; "തൂക്കിക്കൊല്ലാൻ വിധിക്കൂ"വെന്ന് ചെന്താമര കോടതിയിൽ

ഇരട്ടക്കൊലപാതകത്തിനുശേഷം ഒളിവിൽ പോയ ചെന്താമരയെ രണ്ടു ദിവസത്തിന് ശേഷം പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മാർച്ച് 25ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. 132 സാക്ഷികളെ കോടതി വിസ്തരിച്ചു. ഇതിൽ നാല് പേർ കൂറുമാറി. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധനാ ഫലം ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളും കോടതിക്ക് മുന്നിൽ വന്നു.

ചെന്താമര
ചെന്താമര ലക്ഷ്മിയെ കൊല്ലുന്നത് കണ്ടതായി ദൃക്‌സാക്ഷിയുടെ മൊഴി; 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

ബിഎന്‍എസ് 103 (1), 126(2) വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചെന്താമരയ്ക്ക് എതിരെ തെളിഞ്ഞത്. കുറ്റക്കാരനാണെന്ന് വിധിക്കുന്ന സമയം, വധശിക്ഷ വരെ ലഭിക്കാവുന്ന തെറ്റാണ്, എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചെന്താമരയോടു ആരാഞ്ഞിരുന്നു. "എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ" എന്നായിരുന്നു ചെന്താമരയുടെ മറുപടി. മാനസാന്തരത്തിനുപോലും സാധ്യതയില്ലെന്ന തരത്തിലായിരുന്നു കോടതിയുടെ വിലയിരുത്തല്‍. സാക്ഷി വിസ്താരത്തിനിടെയും ചെന്താമര കോടതി വളപ്പിൽ ഭീഷണി മുഴക്കിയിരുന്നു. ചെന്താമരയ്ക്ക് വധശിക്ഷ നൽകണം എന്നായിരുന്നു കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെ പ്രതികരണം.

News Malayalam 24x7
newsmalayalam.com