കൊച്ചി: ക്രൈസ്തവരെ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിച്ച ആർഎസ്എസ് മുഖവാരിക കേസരിയിലെ ലേഖനത്തിന് മറുപടിയുമായി ദീപിക ദിനപത്രം. ക്രൈസ്തവർക്കെതിരെ ആർഎസ്എസിന്റെ ആസൂത്രിത നീക്കം എന്ന തലക്കെട്ടോടെ ഒന്നാം പേജിലെ മുഖ്യ വാർത്തയിലാണ് ദീപികയുടെ പ്രതികരണം. ഇത് കൂടാതെ ആർഎസ്എസിന് നിശിതമായി വിമർശിച്ചുകൊണ്ട് ദീപിക മുഖപ്രസംഗവും എഴുതി. ആർഎസ്എസിൻ്റെ ക്രൈസ്തവവിരുദ്ധ ലേഖനത്തെപ്പറ്റി ബിജെപിയും മറ്റ് രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണമെന്നും ദീപിക ആവശ്യപ്പെട്ടു.
ആർഎസ്എസ് മുഖവാരികയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് മറുപടി സഭാ മുഖപത്രത്തിലൂടെ. ബിജെപി ക്രൈസ്തവസഭകളുമായി അടുക്കുന്നതിനിടയിലും ആർഎസ്എസ് കേസരിയിലൂടെ നിരന്തരം ക്രൈസ്തവ വിരുദ്ധ വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന പശ്ചാത്തലത്തിലാണ് ദീപിക ദിനപ്പത്രത്തിൻ്റെ ഒന്നാം പേജിലെ മുഖ്യ വാർത്തയും, മുഖപ്രസംഗവും. കഴിഞ്ഞ ലക്കം കേസരിയിൽ പ്രസിദ്ധീകരിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ്റെ ലേഖനത്തിൽ ക്രൈസ്തവർക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെതുപോലെ കേരളത്തിലും ക്രൈസ്തവവിരുദ്ധ വർഗീയ വികാരം സൃഷ്ടിക്കാനുള്ള ആർഎസ്എസിന്റെ ആസൂത്രിത നീക്കം എന്നാണ് ദീപിക ദിനപത്രം ലേഖനത്തെ വിശേഷിപ്പിക്കുന്നത്.
ക്രൈസ്തവർ രാജ്യത്ത് മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നുവെന്നും, ഭരണഘടനയെ ചോദ്യംചെയ്യുന്നു എന്നുമാണ് ആർഎസ്എസ് മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നതെന്ന് ദീപിക ദിനപ്പത്രം ചൂണ്ടിക്കാട്ടുന്നു. മിഷണറിമാർ ഭാഷയ്ക്കും സംസ്കാരത്തിനും നൽകിയ സംഭാവനകളെ പോലും വർഗീയതയുടെ കണ്ണിലൂടെ നോക്കിക്കാണുകയാണ് ആർഎസ്എസ്. മതപരിവർത്തനത്തെ കുറിച്ച് പരാമർശിക്കുന്ന ലേഖനത്തിലെ ഭാഗം ആർഎസ്എസിന്റെ നിഗൂഢമായ അജണ്ടയാണ് വെളിപ്പെടുത്തുന്നത്. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടേണ്ട എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന മതപരിവർത്തന നിരോധിത ബില്ലുകളുടെ ഭരണഘടന സാധുത പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.
ഇത്തരത്തിൽ വർഗീയവിഷം ചീറ്റുന്ന ലേഖനം പ്രസിദ്ധീകരിച്ച ആർഎസ്എസി.ന്റെ മനസ്സിലിരിപ്പ് തുറന്നുകാട്ടാൻ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം തയ്യാറാകുമോ എന്നും ദീപിക ചോദിക്കുന്നു. അതേസമയം, കേസരിയിലെ ലേഖനത്തെക്കുറിച്ച് വാർത്തകൾ പുറത്തുവന്നതിനുശേഷവും, കേരളത്തിലെ ഒരു സഭാ നേതൃത്വവും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കേരളത്തിലെ കത്തോലിക്കാ സഭകളുടെ പൊതുവേദിയായ കെസിബിസിയോ, കത്തോലിക്ക ഇതര എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കെസിസിയോ തയ്യാറായിട്ടില്ല വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവിധ പെന്തക്കോസ്ത് സഭകളും മൗനത്തിലാണ്.