മലയാളി കന്യാസ്ത്രീകള്‍
മലയാളി കന്യാസ്ത്രീകള്‍Source: News Malayalam 24x7

"കന്യാസ്ത്രീകളുടെ ജാമ്യം വർഗീയതക്ക് മേൽ മതേതര സാഹോദര്യത്തിന്റെ വിജയം, പക്ഷേ ആരും പിരിഞ്ഞുപോകരുത്..."; വിമർശനങ്ങളും മുന്നറിയിപ്പുമായി ദീപിക

ബംജ്‌രംഗ്‌ദള്‍ നേതാവ് ജ്യോതി ശർമയ്‌ക്കെതിരെ കേസെടുക്കാത്തതിലും ദീപിക വിമർശനം ഉന്നയിച്ചു
Published on

കൊച്ചി: കന്യാസ്ത്രീകളുടെ ജാമ്യം വർഗീയതക്ക് മേൽ മതേതര സാഹോദര്യത്തിന്റെ വിജയമെന്ന് ദീപിക. ഛത്തീസ്ഗഡിൽ കേരളം രാജ്യത്തിനൊരു സന്ദേശം കൊടുത്തിരിക്കുന്നുവെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധം തുടരാനും മുഖപ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നു. ബംജ്‌രംഗ്‌ദള്‍ നേതാവ് ജ്യോതി ശർമയ്‌ക്കെതിരെ കേസെടുക്കാത്തതിലും ദീപിക വിമർശനം ഉന്നയിച്ചു.

'മതേതരത്വത്തിന്റെ ഇന്ത്യൻ സ്റ്റോറി' എന്ന തലക്കെട്ടിലാണ് ദീപികയുടെ മുഖപ്രസംഗം. കന്യാസ്ത്രീകളുടെ മോചനത്തില്‍ താല്‍ക്കാലിക ആശ്വാസത്തിനപ്പുറം ആഹ്ലാദിക്കാനൊന്നുമില്ലെന്നും ഭരണഘടനയോട് ബഹുമാനം ഉണ്ടെങ്കിൽ കേസ് റദ്ദാക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. വർഗീയാതിക്രമം നടത്തിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും ദീപിക പറയുന്നു.

ഛത്തീസ്‌ഗഡിൽ കേരളം കോർത്തെടുത്ത ജാതിമത-ഇടതുവലതു ഭേദമില്ലാത്ത ഈ മനുഷ്യച്ചങ്ങല പൊട്ടരുത്. വർഗീയ കൂട്ടുകെട്ടുകൾക്കു മുകളിൽ മതേതരത്വം ശക്തി തെളിയിച്ച 10 ദിവസങ്ങളാണ് കടന്നുപോയത്. അതിൻ്റെ കൊടിപിടിച്ചതു കേരളമാണെന്നതു നിസാര കാര്യമല്ല. ഇതു കേരളമെഴുതിയ മതേതരത്വത്തിൻ്റെ ഇന്ത്യൻ സ്റ്റോറിയാണ്. ഈ കെട്ടുറപ്പി നുമേൽ വിഷത്തിരിയിട്ട ഒരു ജ്യോതിയും തെളിയരുത് - ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും 'വർഗീയ ആള്‍ക്കൂട്ടങ്ങള്‍' ഇവിടെ തന്നെയുണ്ടെന്നും മുഖപ്രസംഗത്തില്‍ മുന്നറിയിപ്പുമുണ്ട്.

മലയാളി കന്യാസ്ത്രീകള്‍
"കന്യാസ്ത്രീകള്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവും"; ജാമ്യ ഉത്തരവില്‍ എന്‍ഐഎ കോടതി

കഴിഞ്ഞ ദിവസമാണ്, മനുഷ്യക്കടത്തും നിർബന്ധിത മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്കും ആദിവാസി യുവാവിനും ജാമ്യം ലഭിച്ചത്. ഒന്‍പത് ദിവസത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് സി. വന്ദന ഫ്രാൻസിസിനും സി. പ്രീതി മേരിക്കും ബിലാസ്പൂർ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയാണ് ജാമ്യം.

അതേസമയം, ജാമ്യ ഉത്തരവില്‍ അറസ്റ്റിന് ആധാരമായ എഫ്ഐആറിലെ ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന നിരീക്ഷണമുണ്ട്. സംശയങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് എഫ്ഐആർ തയ്യാറാക്കിയതെന്നും ജാമ്യ ഉത്തരവില്‍ കോടതി പറയുന്നു.

ജൂലൈ 25നാണ് കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും അങ്കമാലി എളവൂര്‍ ഇടവകാംഗം സിസ്റ്റര്‍ പ്രീതി മേരിയെയും മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം 19കാരനായ സുഖ്മാന്‍ മാണ്ഡവിയും അറസ്റ്റിലായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 143, 1968ലെ ഛത്തീസ്ഗഡ് മത സ്വാതന്ത്ര്യ നിയമം എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.

News Malayalam 24x7
newsmalayalam.com