

എറണാകുളം: പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള മടങ്ങിവരവിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. സംഘപരിവാർ ബന്ധം പൂർണമായും ഉപേക്ഷിച്ചെന്ന് പത്മജ ആദ്യം വ്യക്തമാക്കണം. ഇക്കാര്യം സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഉൾപ്പെടെ ബോധ്യപ്പെടണമെന്നും അവർ പറഞ്ഞു. കോൺഗ്രസ് ആരെയും തിരസ്കരിക്കുന്ന പാർട്ടിയല്ല. എന്നാൽ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചുകൊണ്ടാണ് തിരിച്ചുവരേണ്ടതെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി.
പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് തിരിച്ചുവരുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അവർ ഏത് രാഷ്ട്രീയ പാർട്ടിയിലേക്കാണ് പോകുന്നതെന്ന കാര്യത്തിലും നിലപാട് വ്യക്തമാക്കിയിട്ടില്ല. രാജിവെച്ചശേഷം മറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമാകുമോ എന്നതും വ്യക്തമല്ല. കോൺഗ്രസിന്റെ ആശയങ്ങളിൽ വിശ്വസിച്ചാണ് വരുന്നതെങ്കിൽ അവരെ സ്വാഗതം ചെയ്യുമെന്നും ദീപ്തി പറഞ്ഞു.
രാജിവെച്ചപ്പോൾ കാരണം വ്യക്തമാക്കിയില്ല. കോൺഗ്രസ് വിട്ടുപോയപ്പോൾ എന്തുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തതെന്ന് പത്മജ വ്യക്തമാക്കിയിരുന്നില്ലെന്നും ദീപ്തി മേരി വർഗീസ് ചൂണ്ടിക്കാട്ടി. തങ്ങളെപ്പോലെ സൗന്ദര്യമുള്ള സ്ത്രീകൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന തരത്തിലുള്ള പരാമർശവും പത്മജ നടത്തിയിരുന്നു. അത്തരമൊരു സാഹചര്യം എന്തുകൊണ്ടുണ്ടായെന്ന് അവർ വിശദീകരിക്കണമെന്നും ദീപ്തി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രക്ഷകനെന്ന തരത്തിൽ നേരത്തെ നടത്തിയ പ്രസ്താവനകൾ ഉൾപ്പെടെ പിൻവലിക്കണം. സംഘപരിവാർ ബന്ധം ഉപേക്ഷിച്ചെന്നും മുൻ നിലപാടുകളിൽ തെറ്റുപറ്റിയെന്നും തുറന്നുപറയാൻ തയ്യാറാകണമെന്നും ദീപ്തി പറഞ്ഞു.
പ്രവർത്തകരുടെ വികാരം മാനിക്കണം. പാർട്ടിക്കുവേണ്ടി പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവർത്തിച്ച സാധാരണ പ്രവർത്തകരുടെ വികാരം കൂടി പരിഗണിക്കേണ്ടതുണ്ട്. പശ്ചാത്താപം പ്രകടിപ്പിച്ച് തെറ്റ് തിരുത്തിയാണ് പത്മജ തിരിച്ചുവരേണ്ടത്. തെറ്റുപറ്റിപ്പോയെന്ന് തുറന്നുപറഞ്ഞ് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം അംഗീകരിച്ച് തിരിച്ചെത്തിയാൽ പാർട്ടി അത് അംഗീകരിക്കുമെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി.