കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങുമ്പോൾ ഓർഡിനറി ബസുകൾ കുറവായ മലബാർ മേഖലയിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം 156 ഓർഡിനറി ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. തെക്കൻ മേഖലയെ അപേക്ഷിച്ച് ബസുകളുടെ എണ്ണം മലബാർ മേഖലയിൽ വളരെ കുറവാണ്. ബസുകളുടെ എണ്ണം കൂട്ടിയില്ലെങ്കിൽ ഈ സേവനം കൂടുതൽ സ്ത്രീകൾക്ക് ലഭ്യമാകില്ല.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പാകുമ്പോൾ, പ്രധാനമായും ഉയരുന്ന ചോദ്യമാണ് കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ഒരുപോലെ ലഭിക്കുമോയെന്നത്. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും ബസുകളിലെ യാത്ര ഒരുപോലെ സൗജന്യമായിരിക്കും. എന്നാൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒരേ അനുപാതത്തില്‍ ഓർഡിനറി ബസുകൾ ഇല്ല എന്നതാണ് വസ്തുത.
കോഴിക്കോട്, താമരശേരി, വടകര, തൊട്ടിൽപാലം, തിരുവമ്പാടി, എന്നിവിടങ്ങളിൽ നിന്നുള്ള 156 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുക. കോഴിക്കോടിനെ അപേക്ഷിച്ച് 4 ഇരട്ടി ബസുകളാണ് തിരുവനന്തപുരത്ത് സർവീസ് നടത്തുന്നത്. അതിനാൽ ജില്ലയിലുള്ളവർക്ക് സ്വകാര്യ ബസുകളെ തന്നെ ആശ്രയിക്കേണ്ടി വരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മൊത്തം ഓർഡിനറി ബസുകളുടെ എണ്ണം വെറും 881 ആണ്. അതിൽ ഏറ്റവും കുറവ് ബസ് ഉള്ളത് മലപ്പുറം ജില്ലയിലും. ഓര്‍ഡിനറി ബസുകളില്‍ മാത്രമായി സൗജന്യയാത്ര ചുരുക്കുമ്പോള്‍ എല്ലാ ജില്ലകളിലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ലെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.