

നിയമസഭ പ്രതിപക്ഷ ഉപനേതൃപദവി വിഷയത്തില്‍ സിപിഐയെ കടന്നാക്രമിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എന്‍. മോഹനന്‍. കഴിഞ്ഞദിവസം ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിമര്‍ശനമെങ്കില്‍ ഇക്കുറി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കടുത്ത വിമര്‍ശനം ആവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് അംഗബലം മുപ്പത്തഞ്ചായി ചുരുങ്ങി. രാഷ്‌ട്രീയമായ കാരണങ്ങളാലാണ് എല്‍ഡിഎഫിന് കനത്ത പരാജയമുണ്ടായത്. എന്നാല്‍, അതിനെ സിപിഐ എമ്മിന്റെ രാഷ്ട്രീയവും ഭരണപരവുമായ പരാജയമായിട്ടാണ് വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. ഈ പ്രചാരണത്തിന്റെ താളത്തിനനുസരിച്ചാണ് സിപിഐ നിലപാടുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. യുക്തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദവുമാണ് സിപിഐ ഉന്നയിക്കുന്നത്. 1980ൽ എൽഡിഎഫ് രൂപംകൊണ്ടശേഷം നിയമസഭയിലെ പ്രതിപക്ഷനേതാവും ഉപനേതാവും സിപിഐ എമ്മിൽനിന്നാണ്. പതിവിനു വിപരീതമായി ഉപനേതാവ് പദവി തങ്ങൾക്ക് വേണമെന്ന് സിപിഐ ആവശ്യപ്പെടുകയാണെന്ന് സി.എന്‍. മോഹനന്‍ വിമര്‍ശിക്കുന്നു. ഉപനേതൃപദവിയും സിപിഐയും എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് കടുത്ത വിമര്‍ശനങ്ങള്‍.
ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍
ഇടതുപക്ഷ ഐക്യം ഉയർത്തിപ്പിടിക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് സിപിഐ പറയുന്നു. ഇതനുസരിച്ചാണ് എൽഡിഎഫിൽ തുടക്കം മുതൽ ഇത്രയും കാലം പങ്കാളിയായി സിപിഐ തുടരുന്നത്. ഇതു പ്രകാരമുള്ള നിലപാടുകൾ അവർ സ്വീകരിക്കേണ്ടതുണ്ട്. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്നുണ്ടെങ്കിൽ ഇക്കാര്യം അവർ മുന്നണി മര്യാദ അനുസരിച്ച് ഉന്നയിക്കേണ്ടത് എൽഡിഎഫ് യോഗത്തിലായിരുന്നു. പകരം മാധ്യമങ്ങളോട് പറയുകയും അനാവശ്യ ചർച്ചയുംവിവാദവും ഉയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവിനോട് ഇതു സംബന്ധിച്ച് ചോദ്യം വന്നത്. പ്രതിപക്ഷ നേതാവ്, ഉപനേതാവിനെ തീരുമാനിക്കുന്ന കീഴ് വഴക്കം ചൂണ്ടിക്കാട്ടി മറുപടി നൽകുകമാത്രമാണ് ചെയ്തത്.
ഇതിനിടയില്‍ മാധ്യമങ്ങളിലൂടെ ഇതിന്റെ ന്യായാന്യായങ്ങള്‍ വിളമ്പുകയാണ് സിപിഐ നേതൃത്വം. അതിലെന്തോ ശരിയുണ്ടെന്ന മട്ടിലാണ് മാധ്യമങ്ങളുടെ പ്രചാരണവും. എന്തു ന്യായത്തിലാണ് ഇതുവരെ തുടര്‍ന്നുവന്ന കീഴ്‌വഴക്കം മറികടന്ന് സിപിഐക്ക് ഉപനേതാവ് പദവി നല്‍കേണ്ടതെന്ന് സിപിഐ നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സത്യന്‍ മൊകേരി സിപിഐ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തിലും അക്കാര്യം പറയുന്നില്ല. അദ്ദേഹം എഴുതുന്നു ‘നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തപരാജയത്തെത്തുടര്‍ന്ന് എല്‍ഡിഎഫില്‍ കൂട്ടായ പ്രവര്‍ത്തനത്തിന് സിപിഐ മുന്നോട്ടുവെച്ചതാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം.’ മുന്നണി പരാജയപ്പെട്ടാല്‍ സിപിഐ എമ്മിന്റെ കൈവശമുള്ള ഉപനേതാവ് സ്ഥാനം തങ്ങള്‍ക്ക് വിട്ടുനല്‍കിയില്ലെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം പ്രതീക്ഷിക്കേണ്ടെന്നാണോ സത്യന്‍ മൊകേരിയും സിപിഐയും ഉദ്ദേശിക്കുന്നത്? ഈ ആവശ്യത്തിനുപിന്നിലുള്ള യുക്തിയെന്താണ്? സിപിഐ എമ്മിന് 26 സീറ്റും സിപിഐക്ക് എട്ട് സീറ്റുമാണ് എന്നതിനാല്‍ ഈ പരാജയപ്പെട്ട നിമിഷത്തില്‍ സിപിഐ വളര്‍ന്നുപോയി എന്നാണോ അവർ അർഥമാക്കുന്നത്?
ഇക്കാര്യത്തില്‍ സിപിഐ എം നേതാവ് പിണറായി വിജയന്‍ നടത്തിയ ഒരു പരാമർശത്തിന്റെ ചുവടുപിടിച്ചാണ് സിപിഐ പ്രകോപിതരായത്. സാധാരണ ഗതിയില്‍ സിപിഐഎമ്മിന് അവകാശപ്പെട്ട ഉപനേതാവിനെ നിശ്ചയിക്കുന്ന രീതിയാണ് പിണറായി വിജയൻ പറഞ്ഞത്. ഉപനേതാവ് സ്ഥാനം പുതുതായി രൂപംകൊണ്ട ഒരു പദവിയല്ല. നേരത്തേ സൂചിപ്പിച്ചതുപോലെ ദശകങ്ങളായി സിപിഐഎം നേതാവാണ് ആ സ്ഥാനത്ത് വരാറുള്ളത്. ആ സ്ഥാനം സിപിഐഎം ഒഴിഞ്ഞ് തങ്ങള്‍ക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെടാന്‍ സിപിഐയുടെ ഭാഗത്ത് എന്തു ന്യായമാണുള്ളതെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം. കേരളത്തില്‍ സിപിഐ എമ്മിനെ മറികടന്നുള്ള രാഷ്ട്രീയസ്വാധീനത്തിലേക്ക് തങ്ങള്‍ വളരുകയാണെന്നാണോ സിപിഐ കരുതുന്നത്. ഇങ്ങനെയൊരാവശ്യം ഉന്നയിച്ചതാണ് സകലവിവാദങ്ങളുടെയും അടിസ്ഥാനമെന്ന് പ്രിയപ്പെട്ട സിപിഐ സഖാക്കള്‍ ഉള്‍ക്കൊള്ളണം. സിപിഐ ഉയര്‍ത്തിവിട്ടതാണ് ഈ തര്‍ക്കപ്രശ്നം. അക്കാര്യത്തില്‍ സിപിഐ എമ്മിന് ഉത്തരവാദിത്വം ഒന്നുമില്ല.
എല്‍ഡിഎഫ് നടപ്പാക്കിയ ജനോപകാരപ്രദമായിരുന്ന മിക്ക പദ്ധതികളും തകര്‍ത്ത് കേന്ദ്രത്തിലെ ബിജെപി സർക്കാരിന് അലോസരമുണ്ടാക്കാതെ ഭരിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ ‘മെമ്മോറാണ്ടം സമര്‍പ്പിച്ച്’ കാത്തിരിക്കാതെ ശക്തമായ സമരം സംഘടിപ്പിക്കേണ്ട ഘട്ടത്തില്‍ ഇടതുപക്ഷത്ത് അനൈക്യമെന്ന് വിളിച്ചുപറയുന്ന ഈ പ്രശ്നം സിപിഐ ശാന്തമായി അവസാനിപ്പിക്കുകയാണ് വേണ്ടത്. പ്രതിപക്ഷനേതാവിന്റെ അഭിപ്രായം ഇടതുപക്ഷരാഷ്‌ട്രീയമല്ല എന്നാണ് ജനയുഗം ലേഖനം പറയുന്നത്. പിന്നെ ആര് പറയുന്നതാണ് ഇടതുപക്ഷരാഷ്ട്രീയം? ഏകപക്ഷീയമായി നിലപാട് പ്രഖ്യാപിക്കുന്നത് പിണറായി അല്ലല്ലോ, സിപിഐ അല്ലേ? അതല്ലേ വിവാദത്തിന് അടിസ്ഥാനം. കമ്യൂണിസ്റ്റുകാര്‍ മുന്നണിരാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്‌ട്രീയപക്വത പ്രതിപക്ഷനേതാവിനല്ല ഇല്ലാതെപോയത്, സിപിഐക്കാണ്.
സിപിഐ എമ്മിനെ നേരിടാന്‍ ഇങ്ങനെയൊരു വാദം ഉന്നയിക്കുമ്പോള്‍, സിപിഐ ഇല്ലാത്ത എല്‍ഡിഎഫിനെക്കുറിച്ച് സിപിഐ എം ആലോചിച്ചിട്ടില്ല എന്നു പറയാതെ തരമില്ല. മറ്റൊരു കാര്യമുണ്ട്, 1996ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ സിപിഐ എം നേതാവ് ജ്യോതിബസുവിനോട് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതാണ്. കേന്ദ്രത്തിലെ ഒരു മന്ത്രിസ്ഥാനമല്ല, പ്രധാനമന്ത്രിസ്ഥാനംതന്നെ. അത് രാഷ്ട്രീയ പ്രത്യയശാസ്ത്രകാരണങ്ങളാല്‍ വേണ്ടെന്നുവച്ച പാര്‍ട്ടിയാണ് സിപിഐ എംഎന്ന് സിപിഐ സഖാക്കള്‍ക്ക് അറിയാത്തതല്ല. കേന്ദ്രത്തില്‍ 1996, 1998 വര്‍ഷങ്ങളില്‍ അധികാരത്തില്‍ വന്ന ദേശീയമുന്നണി സർക്കാരുകളെ, ലോക്‌സഭയില്‍ സിപിഐഎം പിന്തുണ നല്‍കിയാണ് നിലനിര്‍ത്തിയത്. ആ സർക്കാരുകളിൽ ഒന്നിലും സിപിഐഎം പങ്കാളിയായില്ലെന്ന് സിപിഐ സഖാക്കള്‍ക്ക് അറിയാമല്ലോ. ഇന്ത്യയില്‍ ഒരിടത്തും കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഐ എം ഭരണം കൈയാളിയിട്ടില്ലെന്ന് സിപിഐ സഖാക്കള്‍ ഓര്‍ക്കണം.
കോഴിക്കോട് റീജണല്‍ എൻജിനിയറിങ് കോളേജിലെ രാജന്‍ എന്ന, ഈച്ചരവാരിയരുടെ മകന്‍ ഭീകരമായ മര്‍ദനങ്ങള്‍ക്ക് വിധേയനായി കൊല്ലപ്പെട്ടത് ബഹുമാന്യനായ സഖാവ് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അടിയന്തരാവസ്ഥയെ പിന്തുണയ്‌ക്കേണ്ടിവന്ന ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് പാർടിയാണ് സിപിഐയെന്നും ഓര്‍ക്കണം. ഇത്രയും സൂചിപ്പിച്ചത് എൽഡിഎഫിലെ ഐക്യം പരമപ്രധാനമാണെന്ന ബോധ്യത്തില്‍ നിന്നുതന്നെയാണ്. രാജ്യം അതീവഗുരുതരമായൊരു പതനത്തിലേക്ക് നീങ്ങുമ്പോള്‍, വിശാലമായ ജനാധിപത്യ മതനിരപേക്ഷ ഐക്യം പ്രഥമഗണനീയമാകുമ്പോള്‍, പുതിയ അവകാശവാദങ്ങൾ ഉന്നയിച്ച് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ ഐക്യത്തിന് ഹാനി വരുത്താൻ അതിലെ ഒരു കക്ഷിയും ഇടകൊടുക്കരുത്. അത്രയേ സിപിഐ നേതാക്കളോട് അഭ്യര്‍ഥിക്കാനുള്ളൂ.