

തിരുവനന്തപുരം: വയനാട് തുരങ്കപാതയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ദേശാഭിമാനി. തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നു. പാരിസ്ഥിതിക അനുമതിയില്ലെന്ന ഹർജികൾ സുപ്രീം കോടതി പോലും തള്ളിയതാണ്. വസ്തുത മറച്ചുവച്ച് കള്ളപ്രചാരണം നടക്കുന്നത് പദ്ധതിയെ തകർക്കാനുള്ള ഗൂഢനീക്കമാണ്. ആ ഗൂഢനീക്കം തിരിച്ചറിയണമെന്നും വയനാടിന് മാത്രമല്ല കേരളത്തിനാകെ ഗുണപ്പെടുന്ന പദ്ധതിയാണ് തുരങ്കമെന്നും ദേശാഭിമാനി മുഖപ്രസംഗം പറയുന്നു.
"തുരങ്കപാത വയനാടിന്റെമാത്രമല്ല, കേരളത്തിന്റെതന്നെ സ്വപ്നപദ്ധതികളിലൊന്നാണ്. ദുരന്തത്തിന്റെ മറവിൽ പദ്ധതിക്കെതിരായ ഗൂഢനീക്കവും തിരിച്ചറിയണം. ഒരുവർഷം നീണ്ട സാമൂഹ്യാഘാത പഠനത്തിനുശേഷമാണ് 2023ൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. തുടർന്ന് വയനാട്ടിലും കോഴിക്കോട്ടും അദാലത്ത് സംഘടിപ്പിച്ച് പൊതുജനാഭിപ്രായം തേടി. അവയും പരിഗണിച്ചാണ് അന്തിമ സാമൂഹ്യാഘാത പഠനറിപ്പോർട്ട് പുറത്തിറക്കിയത്. 2025 മാർച്ചിൽ പദ്ധതിക്ക് സംസ്ഥാനത്തിന്റെ പാരിസ്ഥിതികാനുമതിയും 2025 മേയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു. നിർമാണഘട്ടത്തിലെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സ്വീകരിക്കേണ്ട നടപടികളടക്കം നിർദേശിച്ച് 60 ഇന ഉപാധിക ളോടെയായിരുന്നു കേന്ദ്രാനുമതി. ഇതുസംബന്ധിച്ച കേസ് പരിഗണിച്ച സുപ്രീംകോടതി 58 നിബന്ധനകൾ മുന്നോട്ടുവച്ചു.
ദുരന്തസമയത്തും യാഥാർഥ്യബോധമില്ലാതെ, പരസ്പരവിരുദ്ധ പ്രസ്താവനകളിലൂടെ അപഹാസ്യമായ സർക്കാരിനെ രക്ഷിക്കുന്ന സമീപനമാണ് യുഡിഎഫ് അനുകൂല മാധ്യമങ്ങൾ സ്വീകരിച്ചത്. പാരിസ്ഥിതികാനുമതി ലഭിക്കാൻ മുൻസർക്കാർ സമ്മർദം ചെലുത്തിയെന്നും കേന്ദ്രാനുമതിക്കായി തെറ്റായ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകി യെന്നും മനോരമ പത്രം തട്ടിവിട്ടു. പാരിസ്ഥിതികാനുമതി ഇല്ലാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോപിച്ചുള്ള ഹർജികൾ കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാ നത്തിൽ കോടതിതന്നെ തള്ളിയതാണ്.
വസ്തുത മറച്ചുവച്ച് കള്ളപ്രചാരണം നടത്തി പദ്ധതിയെ തകർക്കാനുള്ള നീക്കമാണ് ചില മാധ്യമങ്ങൾ ഇപ്പോഴും നടത്തുന്നത്. കൊങ്കൺ റെയിൽവേ കോർപറേഷനാണ് തുരങ്കപാത നിർമാണത്തിന്റെ നിർവഹണ ഏജൻസി. മധ്യപ്രദേശിലെ ഭോപാൽ ആസ്ഥാനമായ ദിലീപ് ബിൽഡ് കോൺ കമ്പനിക്കാണ് കരാർ. മേൽനോട്ടച്ചുമതല പിഡബ്ല്യുഡിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും സൂക്ഷ്മമായ പരിശോധനയിലൂടെയും നിബന്ധനകൾ പാലിക്കുന്നുണ്ടന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്. ഉത്തര വാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറലല്ല, മറിച്ച് തുരങ്കപാത യാഥാർഥ്യമാക്കാനായി സുതാര്യവും കാര്യക്ഷമവുമായ ഇട പെടലും വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുമാണ് സർക്കാരിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്", ദേശാഭിമാനി വ്യക്തമാക്കി.