കഴിഞ്ഞ 15 വർഷത്തിനിടെ മസ്തിഷ്ക മരണാനന്തര അവയവ ദാനത്തിനായി കാത്തിരുന്ന രണ്ടായിരം പേരാണ് അവയവങ്ങൾ ലഭിക്കാതെ മരിച്ചത്. 2012 മുതൽ ഈ വർഷം വരെയുള്ള കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഈ സ്ഥിതി ഒഴിവാക്കാൻ കേരളത്തിലെ സർക്കാർ -സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്ക മരണങ്ങളെല്ലാം മരണാനന്തര അവയവദാന സംവിധാനമായ കെ സോട്ടോയിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് സർക്കാർ നിർദേശം.
മൃതസഞ്ജീവനി പദ്ധതി തുടങ്ങിയ 2012 മുതൽ കെ സോട്ടോ ആയി മാറിയ 2025 വരെയുള്ള കണക്ക് നോക്കുമ്പോൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പുതുജീവൻ ആയി കാത്തിരുന്ന രണ്ടായിരത്തിൽ അധികം പേർക്കാണ് അവയവങ്ങൾ കിട്ടാതെ മരണം സംഭവിച്ചത്. നിലവിൽ 2833 പേർ പുതുജീവൻ ആയി പ്രതീക്ഷയോടെ കാത്തിരിക്കുന്നുമുണ്ട്. ഇവരുടെ പ്രതീക്ഷ കൂടി തല്ലിക്കെടുത്താതിരിക്കാൻ ആണ് സർക്കാരിന്റെ പുതിയ നടപടി. സംസ്ഥാനത്തെ സർക്കാർ സ്വകാര്യ ആശുപത്രികളിലെ മസ്തിഷ്ക മരണങ്ങൾ എല്ലാം സർക്കാരിന്റെ മസ്തിഷ്ക മരണാനന്തര അവയവദാന പദ്ധതിയുടെ നോഡൽ ഓഫീസ് ആയ കെ സോട്ടോയെ അറിയിക്കണം. തിരിച്ചുവരാനുള്ള സാധ്യതകളെല്ലാം അടഞ്ഞു എന്നുറപ്പായാൽ അവയവദാനത്തിനുള്ള സന്നദ്ധതയുണ്ടോ എന്ന് ബന്ധുക്കളോട് ചോദിക്കണം.
മസ്തിഷ്ക മരണാനന്തര അവയവദാനം തുടങ്ങിയ 2012ൽ ഒൻപത് അവയവ ദാനങ്ങൾ സംഭവിച്ചു. 2013 ൽ 36 പേരുടെ കുടുംബങ്ങൾ അവയവദാനത്തിന് സന്നദ്ധരായി. 2014ൽ അത് 58 ആയി 2015 ൽ 76 ആയും ഉയർന്നു. എന്നാൽ 2017 മുതൽ ഇങ്ങോട്ട് അവയവ ദാനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു. 2017ൽ 18. 2018ൽ അത് എട്ട് ആയി ചുരുങ്ങി. കഴിഞ്ഞവർഷം വെറും 11 പേരാണ് അവയവദാനത്തിന് സന്നദ്ധരായത്. 2025 ഇതുവരെയുള്ള കണക്കിൽ 12 പേരും.
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും കേസുകളും ഡോക്ടർമാരെയും മസ്തിഷ്കം മരണം സംഭവിച്ചവരുടെ കുടുംബങ്ങളെയും ഇതിൽ നിന്ന് പിന്തിരിപ്പിച്ചു. എന്നാൽ ഇത്തരം സംശയങ്ങൾ ഒന്നും ബാധിക്കാതെ ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനം സ്വകാര്യ ആശുപത്രിയിൽ കാര്യമായി നടക്കുന്നുമുണ്ട്. സർക്കാർ ഇടനിലക്കാരായി ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനത്തിന് നടപടി ഉണ്ടാകും എന്നൊക്കെ തീരുമാനിച്ചെങ്കിലും അതും പാതിവഴിയിൽ നിലച്ചു. നിലവിൽ വൃക്കയ്ക്കായി 2188 പേരും കരൾ പകുത്തു കിട്ടാൻ 569 പേരും ഹൃദയം കൈമാറി കിട്ടാൻ 85പേരും കാത്തിരിക്കുകയാണ്. 10 പേരാണ് പാൻക്രിയാസിനായി കാത്തിരിക്കുന്നത്. ശ്വാസകോശത്തിനായി ഒരാളും വിവിധ അവയവങ്ങൾക്കായി 30 പേരും കൈയ്ക്കായി ആറു പേരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.