
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ വിജിലൻസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത് പൊലീസുദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ്. പി.വി. അന്‍വറിന്‍റെ വഴിവിട്ട ഇടപാടുകള്‍ക്ക് വഴങ്ങാത്തതിനാലാണ് ആരോപണം ഉന്നയിച്ചതെന്നും അജിത് കുമാറിൻ്റെ മൊഴിയിൽ പറയുന്നു. മൊഴിയുടെ വിശദാംശങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
പി.വി. അന്‍വറുമായി അനുനയ ചർച്ചനടത്തിരുന്നു. സുഹൃത്തിൻ്റെ വീട്ടിൽ വെച്ചാണ് ചർച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനാലാണ് ചർച്ച നടത്തിയത്. അൻവർ ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞിരുന്നുവെന്നും എം.ആർ. അജിത്ത് കുമാർ വിജിലൻസിന് നൽകിയ മൊഴിയിൽ പറയുന്നു.
കേസിൽ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസ് കോടതി നേരിട്ട് അന്വേഷിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അന്വേഷണം ശരിയായ ദിശയിൽ അല്ല നടന്നതെന്നും കോടതി വിമർശിച്ചിരുന്നു. ഈ മാസം 30ന് സാക്ഷികളുടെയും വാദിയുടെയും മൊഴി കോടതി നേരിട്ട് എടുക്കും.
അൻവർ ഉന്നയിച്ച ആരോപണങ്ങളിലാണ് അന്വേഷണം നടത്തിയത്. ഫ്ലാറ്റ് മറിച്ചു വിൽക്കൽ, വീട് നിർമാണം എന്നിവയിലാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയത്. പി.വി. അൻവറിന്റെ മറ്റ് ആരോപണങ്ങൾ അന്വേഷിക്കുകയാണെന്നും വിജിലൻസ് അറിയിച്ചിരുന്നു. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയും അംഗീകരിച്ചിരുന്നു.