ആർ. സുഗതൻ സ്ഥിരം കുറ്റവാളി, കരുതൽ തടങ്കൽ പൊതുജന സുരക്ഷയ്ക്ക് അത്യന്താപേക്ഷിതം; കാപ്പാ റിപ്പോർട്ട് പുറത്ത്

2012 മുതൽ നരഹത്യാശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ എന്നീ കേസുകളിൽ പ്രതിയാണ്
സുഗതൻ
സുഗതൻSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: വധശ്രമക്കേസിൽ അറസ്റ്റിലായ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ സുഗതനെതിരായ കാപ്പാ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. സുഗതനെ കരുതൽ തടങ്കലിൽ ആക്കേണ്ടത് പൊതുജന സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2012 മുതൽ നരഹത്യാശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ എന്നീ കേസുകളിൽ പ്രതിയാണ്. 2023, 2025 വർഷങ്ങളിൽ അറിയപ്പെടുന്ന റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി. അതിനുശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്നും റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.

നിലവിൽ സുഗതൻ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാണ്. കാപ്പാ കേസ് ആയതിനാലാണ് കോടതിയിൽ ഹാജരാക്കാതെ ജയിലിലേക്ക് മാറ്റിയത്. തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ ആണ് പിടിയിലായത്. ഒളിവിലിരിക്കേയാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് സുഗതനെ പിടികൂടിയത്. ഹൈക്കോടതിയിൽ നേരത്തെ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നു. മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് പൊലീസ് പിടികൂടിയത്.

സുഗതൻ
"ആകാശത്തേക്ക് വെടിവച്ച് ഗുണ്ടയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനം"; കൗൺസിലറുടെ അറസ്റ്റിൽ ആഭ്യന്തര മന്ത്രി

കഴിഞ്ഞമാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിലാണ് ഒളിവിലായിരുന്ന സുഗതൻ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. സുഗതൻ്റെ അനുയായികൾ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവച്ചാണ് വട്ടിയൂർക്കാവ് എസ്എച്ച്ഒയും സംഘവും സുഗതനെ പിടികൂടിയത്. സംഘർഷത്തിൽ എസ്എച്ച്ഒ വിപിനും എസ്ഐ അഭിജിത്തിനും പരിക്കേറ്റിരുന്നു.

News Malayalam 24x7
newsmalayalam.com