തിരുവനന്തപുരം; ശബരിമല സ്വർണക്കൊള്ള കേസിൽ ഇന്ന് കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും. ദേവസ്വം മരാമത്ത് അസിസ്റ്റൻറ് എൻജിനീയർ സുനിൽകുമാറിനെ ഇന്ന് സസ്പെൻഡ് ചെയ്യും. വിരമിച്ച ഏഴ് ജീവനക്കാർക്കെതിരെയും ഇന്ന് നടപടി ഉണ്ടാകും. സുനിൽ കുമാറിനെതിരായ നടപടി ഇന്ന് ബോർഡ് ചർച്ച ചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് പറഞ്ഞു. സത്യം പുറത്തുവരും, കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
കേസിൽ സുനിൽകുമാറിനെതിരായ നടപടി ഇന്ന് ബോർഡ് ചർച്ച ചെയ്യും.സ്മാർട്ട് ക്രിയേഷൻസിനെക്കുറിച്ചും വിശദമായി അന്വേഷിക്കട്ടെ എന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ പ്രതികരണം. വിരമിച്ച ഉദ്യോഗസ്ഥർക്ക് എതിരായ നടപടി വിശദമായ ചർച്ചയ്ക്ക് ശേഷം മാത്രമേ സാധ്യമാകൂ. കുറ്റക്കാർ എന്ന് കോടതി ശിക്ഷിച്ചാൽ മാത്രമേ പെൻഷൻ ആനുകൂല്യങ്ങൾ പിടിച്ചുവെക്കാൻ കഴിയൂ എന്ന് അറിയിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ്, കേസിൽ യുഡിഎഫ് കാലത്തെ ഇടപാടുകളും അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു.
ദേവസ്വം ബോർഡിൽ ആദ്യമായി ക്രമക്കേട് സംഭവിക്കുന്ന മട്ടിലാണ് ചില നേതാക്കൾ പറയുന്നത്, എത്രയോ കാലമായി നടന്നുകൊണ്ടിരിക്കുന്നു. 1999 മുതൽ അന്വേഷണം വരണം. 2007, 2011,2016 കാലത്ത് ആരായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റുമാർ? ഇവരെല്ലാം ദിവ്യന്മാരും ഇപ്പോൾ ഉള്ളവർ കള്ളന്മാരും എന്ന് ചിലർ പ്രചരിപ്പിക്കുന്നു.അതിൽ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
അതേ സമയം സ്വർണക്കൊള്ള വിവാദം മണ്ഡല മകരവിളക്ക് തീർത്ഥാടനത്തെ ബാധിക്കില്ലെന്നും പി.എസ്. പ്രശാന്ത് അറിയിച്ചു. അക്കാര്യത്തിൽ ബോഡിന് ആശങ്കയില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. കേസ് അന്വേഷണം ഹൈദരാബാദിലെ സ്ഥാപനത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് എസ്ഐടി.'മന്ത്ര ഗോൾഡ് കോട്ടിങ്സ്' എന്ന സ്ഥാപനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. 'മന്ത്ര',,സ്മാർട്ട് ക്രിയേഷൻസിന്റെ ഫ്ലാഗ്ഷിപ്പ് ബ്രാൻഡ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രണ്ട് സ്ഥാപനത്തിന്റെയും ഉടമ പങ്കജ് ഭണ്ഡാരിയാണ്.