എറണാകുളം: പുനരുദ്ധാരണത്തിന് ശേഷം ക്ഷേത്ര വസ്തുക്കൾ കൊണ്ടുപോകാൻ അനുവാദം നൽകണമെന്ന് ആദ്യം ആവശ്യപ്പെട്ടത് തന്ത്രി സമാജം എന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. എം. രാജഗോപാലൻ നായർ. തന്ത്രി സമാജത്തിൻ്റെ നിവേദനം കിട്ടിയതിന് പിന്നാലെയാണ് 2012ൽ ഉത്തരവ് ഇറക്കിയത് എന്നും രാജഗോപാലൻ ന്യൂസ് മലയാളം ലീഡേഴ്സ് മോണിങിൽ പറഞ്ഞു.
വേതനവർധനയുമായി ബന്ധപ്പെട്ട ചർച്ചക്കിടെയാണ് ആവശ്യം ഉന്നയിച്ചത്. 23 ഇന ആവശ്യങ്ങളിൽ 22ാമത്തെ ആവശ്യമായാണ് ഉന്നയിച്ചത്. തർക്കങ്ങളില്ലാതെ വസ്തുക്കൾ കൊണ്ടുപോകണം എന്നായിരുന്നു ആവശ്യം. 2011ൽ നടന്ന യോഗത്തിൽ പങ്കെടുത്ത തന്ത്രിമാരുടെ വിവരങ്ങളും മുൻ പ്രസിഡൻ്റ് വെളിപ്പെടുത്തി. 2012ലാണ് വസ്തുവകകൾ കൊണ്ടുപോകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ദേവസ്വം ബോർഡ് ഉത്തരവ് പുറത്ത് വരുന്നതെന്നും രാജഗോപാലൻ നായർ പറഞ്ഞു.
തിരുവിതാംകൂർ കൊച്ചിൻ ദേവസ്വം ബോർഡുകളുടെ പ്രവർത്തനത്തിൽ സർക്കാരിനും മന്ത്രിക്കും ഇടപെടാനാകില്ലെന്നും മുൻ പ്രസിഡൻ്റ് പറഞ്ഞു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ബോർഡിന് മേൽനോട്ടം വഹിക്കുക ഹൈക്കോടതിയാണ്. വസ്തുവകകൾ ഒന്നും കൊണ്ടുപോകാൻ സർക്കാരിന് അധികാരമില്ല. ഒരു സർക്കാരുകൾക്കും ഒരു മന്ത്രിക്കും അധികാരം പ്രയോഗിക്കാൻ കഴിയില്ല. തൻ്റെ കാലത്ത് പ്രവർത്തിച്ചതും സ്വാതന്ത്രമായെന്നും രാജഗോപാലൻ നായർ പറഞ്ഞു.