

തിരുവനന്തപുരം: തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ബി. അശോക് ഐഎഎസ്. സർക്കാർ പദവി വഹിക്കുന്നയാൾ ബോർഡ് പ്രസിഡന്റാകുന്നത് അയോഗ്യതയെന്ന് ആക്ഷേപം. ഹർജിയിൽ കെ. ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും സർക്കാരിനും തിരുവനന്തപുരം ജില്ലാ കോടതി നോട്ടീസ് അയച്ചു. സർക്കാരിൻ്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡൻ്റോ ആകുന്നതിന് അയോഗ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു. 2026 ജനുവരി 15ന് കോടതിയിൽ ഹാജരാകണമെന്ന് നിർദേശമുണ്ട്.
ഇക്കഴിഞ്ഞ നവംബർ 15നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ സത്യപ്രതിജ്ഞ ചെയ്തത്. മുൻ മലയാളം സർവകലാശാല വൈസ് ചാൻസലരും നിലവിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറുമാണ് ജയകുമാർ. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും മികവ് കാഴ്ചവെച്ചിട്ടുണ്ട്.