

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സംവിധാനത്തിൽ സമഗ്രമായ മാറ്റം നിർദേശിച്ച് ഡിജിപി റവദ ചന്ദ്രശേഖർ. സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സംവിധാനത്തിലാണ് സമഗ്രമായ മാറ്റം നിർദേശിച്ചത്. പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർക്ക് എസ്എച്ച്ഒയുടെ ചുതമല നൽകുന്ന സംവിധാനം പരിഷ്കരിക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകി.
നിലവിലെ സംവിധാനത്തിലുള്ള നിരവധി അപാകതകൾ ചൂണ്ടിക്കാട്ടിയാണ് ഡിജിപിയുടെ റിപ്പോർട്ട്. സർക്കാർ അംഗീകരിച്ചാൽ പ്രധാനപ്പെട്ട 63 സ്റ്റേഷനുകളില്‍ മാത്രം ഇന്‍സ്പെക്ടര്‍മാർ തുടരും. 421 സ്റ്റേഷനുകളില്‍ എസ്ഐമാര്‍ എസ്എച്ച്ഒ ആകും.
നേരത്തെ ക്രമസമാധാന ചുമതലയും കേസ് അന്വേഷണവും കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടിയാണ് സംസ്ഥാനത്തെ ഒട്ടുമിക്ക സ്റ്റേഷനുകളിലും ഇൻസ്പെക്ടർമാരെ എസ്എച്ച്ഒമാരായി നിയമിച്ചിരുന്നത്. എന്നാൽ ഈ സംവിധാനം മാറ്റാനാണ് ഇപ്പോഴത്തെ ശുപാർശ. ക്രമസമാധാന പ്രശ്നങ്ങളും കേസുകളും കൂടുതലുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട 63 സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇനി ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുക.
സ്റ്റേഷനുകളിൽ നിന്ന് ഒഴിവാക്കുന്നതോടെ അധികമായി വരുന്ന 206 ഇൻസ്പെക്ടർമാരെ ക്രൈംബ്രാഞ്ച്, വിജിലൻസ്, സൈബർ സെൽ ഉൾപ്പെടെയുള്ള വിവിധ പ്രത്യേക യൂണിറ്റുകളിലേക്ക് പുനർവിന്യസിക്കും. പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാരെ. എസ്എച്ച്ഒമാരാക്കിയതോടെ പ്രധാന കേസുകളുടെ അന്വേഷണത്തെ അത് ബാധിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ശുപാർശ.
ദൈനംദിന സ്റ്റേഷൻ ഭരണത്തിലും ക്രമസമാധാന ചുമതലകളിലും ഇൻസ്പെക്ടർമാർ മുഴുകുന്നതുമൂലം വലിയ കേസുകളുടെ അന്വേഷണത്തിന് ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.