തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിക്ക് മേൽ രാഷ്ട്രീയ സമ്മർദം ഇല്ലെന്നും, പൂർണ സ്വാതന്ത്ര്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് എസ്ഐടി പ്രവർത്തിക്കുന്നത്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും ഡിജിപി അറിയിച്ചു.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് തെളിവുകൾ പരിശോധിച്ച് നടപടിയുണ്ടാകുമെന്നായിരുന്നു ഡിജിപി മറുപടി നൽകിയത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി നടത്തുന്ന അന്വേഷണത്തിൽ ഹൈക്കോടതിക്ക് തൃപ്തിയുണ്ടെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം.
കേസിലെ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന എസ്ഐടി കണ്ടെത്തലിനൊടുവിലാണ് കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് തന്ത്രിയാണ്. സ്വര്‍ണം പൊതിഞ്ഞ പാളിയാണ് എന്ന് അറിയാമായിരുന്നിട്ടും ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പിട്ടുവെന്നും എസ്‌ഐടി പറയുന്നു. പാളികളില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തണമെന്ന് ആദ്യം പറഞ്ഞതും കണ്ഠരര് രാജീവര് ആയിരുന്നു. ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.