
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ഓര്‍മിച്ച് സംവിധായകന്‍ ഡോ. ബിജു. അദ്ദേഹത്തിന്റെ രാമന്‍, വലിയ ചിറകുള്ള പക്ഷികള്‍ എന്നീ ചിത്രങ്ങള്‍ കാണാന്‍ വി എസ് എത്തിയതിനെ അനുസ്മരിച്ചുകൊണ്ടായിരുന്നു ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. അമേരിക്കന്‍ അധിനിവേശം സംബന്ധിച്ച ചിത്രമായ രാമന്റെ കലാഭവിനിലെ പ്രത്യേക പ്രദര്‍ശനത്തില്‍ വിഎസ് എത്തുകയും പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ അടുത്ത് വിളിച്ച് തോളില്‍ അഭിനന്ദനം അറിയിച്ചുവെന്നും ബിജു കുറിക്കുന്നു.
2015ല്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എന്‍ഡോസര്‍ഫാന്‍ ദുരത ബാധിതരുടെ പ്രശ്‌നങ്ങള്‍ പറയുന്ന വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ കൈരളി തിയേറ്ററില്‍ വി എസ് എത്തുകയും അത് സിനിമ കാണാന്‍ എത്തിയ ഡെലിഗേറ്റുകള്‍ക്ക് ആവേശം പകര്‍ന്നെന്നും അവര്‍ മുദ്രാവാക്യം വിളിച്ചതും ബിജു ഓര്‍ത്തെടുക്കുന്നു.
'2015ല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതം പറയുന്ന വലിയ ചിറകുള്ള പക്ഷികളുടെ പ്രദര്‍ശനം ഐഎഫ്എഫ്‌കെയില്‍ നടക്കുമ്പോള്‍ വിഎസിന്റെ സാന്നിധ്യം ഉണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വി എസിന്റെ ശക്തമായ ഇടപെടലുകള്‍ സിനിമയില്‍ പരാമര്‍ശിക്കുന്നുമുണ്ട്. വി എസ് സിനിമ കാണാന്‍ വരാം എന്ന് സമ്മതിച്ചു. ഐഎഫ്എഫ്‌കെയില്‍ കൈരളി തിയറ്ററില്‍ വലിയ ചിറകുള്ള പക്ഷികളുടെ പ്രദര്‍ശനത്തിന് ഡെലിഗേറ്റുകളുടെ വലിയ തിരക്ക് ആയിരുന്നു. പ്രദര്‍ശനത്തിന് മുന്‍പ് കോരിച്ചൊരിയുന്ന മഴ തുടങ്ങി. പ്രതികൂല കാലാവസ്ഥ ആയതിനാല്‍ ചിലപ്പോള്‍ വി എസ് വരില്ല എന്ന് കരുതി. പക്ഷെ സിനിമ തുടങ്ങുന്ന സമയത്തിന് മുന്നേ വി എസ് എത്തി. വി എസിനെ കണ്ടതോടെ ഡെലിഗേറ്റുകളുടെ ആവേശം വര്‍ധിച്ചു. വി എസ് സിനിമ പൂര്‍ണമായും കണ്ടു. സിനിമയില്‍ വി എസിന്റെ പേര് പരാമര്‍ശിക്കുന്ന ഇടങ്ങളില്‍ ഡെലിഗേറ്റുകള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ട് തിയറ്ററിനെ പ്രകമ്പനം കൊള്ളിച്ചു. സിനിമ കാണുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് കാണിച്ചു കൊടുത്ത ഒരു ഐഎഫ്എഫ്കെ സ്‌ക്രീനിങ്,' ബിജു കുറിച്ചു.
തോരാത്ത മഴയിലൂടെ വി എസ് തിരിച്ചു കാറില്‍ കയറുമ്പോഴും ഡെലിഗേറ്റുകള്‍ ഉച്ചത്തില്‍ പ്രിയ സഖാവിനായി മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും ഡോ. ബിജു ഓര്‍ത്തെടുക്കുന്നു.
ഭരണ കൂടങ്ങളുടെ മാവോയിസ്റ്റ് കൊലപാതകവും യുഎപിഎയും പ്രമേയമാക്കിയ കാട് പൂക്കുന്ന നേരം എഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുബോള്‍ വിഎസ് ആ സിനിമ കാണണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. നേരിട്ട് ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തിന് സിനിമ കാണാന്‍ ഏറെ താല്പര്യം ഉണ്ടെന്ന് പറയുകയും വരാമെന്നു സമ്മതിക്കുകയും ചെയ്തു. പക്ഷെ ആരോഗ്യപരമായ കാരണങ്ങളാല്‍ വി എസ്സിന് പ്രദര്‍ശനത്തിന് എത്താന്‍ സാധിച്ചില്ല. കാട് പൂക്കുന്ന നേരം സിനിമയില്‍ പ്രതിപാദിച്ച വിഷയങ്ങള്‍ കേരളത്തില്‍ നടന്നു കൊണ്ടിരുന്ന ആ കാലയളവില്‍ ആ സിനിമ കണ്ടിരുന്നെങ്കില്‍ വി എസ് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നത് ആലോചിക്കാവുന്നതേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വി എസിനെ ആദ്യം കാണുന്നത് 2009 ല്‍ രാമന്‍ എന്ന സിനിമയുടെ പ്രദര്‍ശനം കാണുന്നതിനായി ക്ഷണിക്കുവാന്‍ ചെല്ലുമ്പോഴാണ്. അമേരിക്കന്‍ അധിനിവേശം പ്രമേയമായ രാമന്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനം കാണുവാന്‍ കലാഭവന്‍ തിയറ്ററില്‍ വി എസ് എത്തി. സിനിമ മുഴുവന്‍ കണ്ടു തീര്‍ന്നപ്പോള്‍ അടുത്തേക്ക് വിളിച്ചു തോളില്‍ തട്ടി അഭിനന്ദനം അറിയിച്ചു.
പിന്നീട് 2015 ല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതം പറയുന്ന വലിയ ചിറകുള്ള പക്ഷികളുടെ പ്രദര്‍ശനം ഐഎഫ്എഫ്‌കെയില്‍ നടക്കുമ്പോള്‍ വിഎസിന്റെ സാന്നിധ്യം ഉണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വി എസിന്റെ ശക്തമായ ഇടപെടലുകള്‍ സിനിമയില്‍ പരാമര്‍ശിക്കുന്നുമുണ്ട്. വി എസ് സിനിമ കാണാന്‍ വരാം എന്ന് സമ്മതിച്ചു. ഐ എഫ് എഫ് കെയില്‍ കൈരളി തിയറ്ററില്‍ വലിയ ചിറകുള്ള പക്ഷികളുടെ പ്രദര്‍ശനത്തിന് ഡെലിഗേറ്റുകളുടെ വലിയ തിരക്ക് ആയിരുന്നു. പ്രദര്‍ശനത്തിന് മുന്‍പ് കോരിച്ചൊരിയുന്ന മഴ തുടങ്ങി. പ്രതികൂല കാലാവസ്ഥ ആയതിനാല്‍ ചിലപ്പോള്‍ വി എസ് വരില്ല എന്ന് കരുതി. പക്ഷെ സിനിമ തുടങ്ങുന്ന സമയത്തിന് മുന്നേ വി എസ് എത്തി. വി എസിനെ കണ്ടതോടെ ഡെലിഗേറ്റുകളുടെ ആവേശം വര്‍ധിച്ചു. വി എസ് സിനിമ പൂര്‍ണ്ണമായും കണ്ടു. സിനിമയില്‍ വി എസിന്റെ പേര് പരാമര്‍ശിക്കുന്ന ഇടങ്ങളില്‍ ഡെലിഗേറ്റുകള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ട് തിയറ്ററിനെ പ്രകമ്പനം കൊള്ളിച്ചു. സിനിമ കാണുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് കാണിച്ചു കൊടുത്ത ഒരു ഐഎഫ്എഫ്കെ സ്‌ക്രീനിങ്.
സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ വി എസിനെ മാധ്യമങ്ങള്‍ വളഞ്ഞു. സിനിമയില്‍ വി എസിനെ പരാമര്‍ശിക്കുന്നുണ്ടല്ലോ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ടുള്ള മറുപടി. അതൊക്കെ സത്യമായ കാര്യങ്ങള്‍ ആണല്ലോ. തോരാത്ത മഴയിലൂടെ വി എസ് തിരിച്ചു കാറില്‍ കയറുമ്പോഴും ഡെലിഗേറ്റുകള്‍ ഉച്ചത്തില്‍ പ്രിയ സഖാവിനായി മുദ്രാവാക്യങ്ങള്‍ മുഴക്കി .
ഭരണ കൂടങ്ങളുടെ മാവോയിസ്റ്റ് കൊലപാതകവും യുഎപിഎയും പ്രമേയമാക്കിയ കാട് പൂക്കുന്ന നേരം എഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുബോള്‍ വിഎസ് ആ സിനിമ കാണണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു . നേരിട്ട് ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തിന് സിനിമ കാണാന്‍ ഏറെ താല്പര്യം ഉണ്ടെന്ന് പറയുകയും വരാമെന്നു സമ്മതിക്കുകയും ചെയ്തു . പക്ഷെ ആരോഗ്യപരമായ കാരണങ്ങളാല്‍ വി എസ്സിന് പ്രദര്‍ശനത്തിന് എത്താന്‍ സാധിച്ചില്ല. കാട് പൂക്കുന്ന നേരം സിനിമയില്‍ പ്രതിപാദിച്ച വിഷയങ്ങള്‍ കേരളത്തില്‍ നടന്നു കൊണ്ടിരുന്ന ആ കാലയളവില്‍ ആ സിനിമ കണ്ടിരുന്നെങ്കില്‍ വി എസ് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നത് നമുക്ക് ആലോചിക്കാവുന്നതേ ഉള്ളൂ.
മുഖ്യമന്ത്രി ആയിരുന്ന വി എസ്സിന്റെ ഓഫീസിലും രണ്ടു തവണ പോയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ പൊതുജനങ്ങള്‍ക്കായുള്ള സന്ദര്‍ശന സമയത്ത് സാധാരണക്കാരായ നൂറു കണക്കിന് മനുഷ്യരാണ് അവരുടെ ആവശ്യങ്ങളും ആവലാതികളും തങ്ങളുടെ മുഖ്യമന്ത്രിയോട്, തങ്ങളുടെ പ്രിയ സഖാവിനോട് പറയുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ദിവസവും എത്തുമായിരുന്നത്. ഒരു പുഞ്ചിരിയോടെ ആശ്വാസ വാക്കുകളോടെ വി എസ് അവരെ എല്ലാം കേട്ടു. ജനകീയനായ ഒരു കമ്യൂണിസ്റ്റ് ഭരണാധികാരി എന്ന നിലയില്‍ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയിലും ജനങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തി.
പ്രിയപ്പെട്ട വി എസ് ജനമനസ്സുകളില്‍ ഒരിക്കലും മരിക്കാത്ത ജനനായകന്‍...