പ്രേംകുമാറിനെ കറിവേപ്പില കണക്കിനാണ് സാംസ്കാരിക വകുപ്പ് ഒഴിവാക്കിയത്, സിനിമാ സംഘടനകൾ വാക്ക് കൊണ്ടുപോലും പിന്തുണച്ചില്ല: വിനയൻ

പ്രേംകുമാറിനോട് കാണിച്ചത് ശുദ്ധ നെറികേടായിരുന്നുവെന്ന് വിനയൻ
വിനയൻ, പ്രേംകുമാർ
വിനയൻ, പ്രേംകുമാർSource: Facebook
Published on
Updated on

കൊച്ചി: ചലച്ചിത്ര അക്കാദമി ആക്ടിങ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കിയതിൽ അതൃപ്തി വ്യക്തമാക്കിയ പ്രേംകുമാറിനെ അനുകൂലിച്ച് സംവിധായകൻ വിനയൻ. സഹപ്രവര്‍ത്തകരോടു യാത്ര പറയാന്‍ പോലും അവസരം നല്‍കാതെ ഒഴിവാക്കിയെന്നും അതിനുള്ള കാരണം ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്നുമാണ് പ്രേംകുമാർ പറയുന്നത്. ഇപ്പോഴിതാ, പ്രേംകുമാറിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ.

പ്രേംകുമാറിന്റെ വാക്കുകളിൽ സത്യവും വസ്തുതയും ഉണ്ടെന്നാണ് വിനയന്റെ അഭിപ്രായം. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ മികച്ച ഭരണം നടത്തുകയും വിവാദങ്ങൾക്ക് ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേംകുമാറിനോട് ഒരു വാക്കുപോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ താൻ പറഞ്ഞിരുന്നുവെന്ന് വിനയൻ ചൂണ്ടിക്കാട്ടി. 'തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്' എന്ന് വിനയൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

വിനയൻ, പ്രേംകുമാർ
"എപ്പോഴും ഒരു ചൂല് കയ്യിലിരിക്കട്ടെ, അല്ലെങ്കിൽ..."; ശ്രീരാമന്റെ കത്തിന് മോഹൻലാലിന്റെ രസികൻ മറുപടി

സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്:

നടൻ പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങൾക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാൻ പറഞ്ഞിരുന്നു. തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്. അല്ലെങ്കിൽ പിറ്റേ ദിവസം കിളക്കാൻ വരുമ്പോൾ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാൽ അവൻ വഴക്കുണ്ടാക്കും. പക്ഷേ പ്രേം കുമാറിന് കൂടെ ജോലി ചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാദ്ധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാർത്ത കൊടുക്കുകയാണ് സാംസ്കാരിക വകുപ്പ് ചെയ്തത്.

"ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ"... നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ..പക്ഷേ അപമാനിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല," എന്നാണ് അന്നു പ്രേംകുമാർ പറഞ്ഞത്.

അതിൽ എല്ലാമുണ്ട്...

ഇതിഹാസങ്ങളേയും കോട്ടിട്ട പൗരപ്രമുഖരേയും മാത്രമല്ല കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവരർഹിക്കുന്ന വിലകൊടുക്കണം. അതാണ് ജനാധിപത്യം. മറിച്ചു ചെയ്യുന്നതിനാണ് സ്വജന പക്ഷപാതമെന്നു പറയുന്നത്. മലയാള സിനിമാ സംഘടനകൾ ഒന്നും ഒരു വാക്കു കൊണ്ടു പോലും അന്ന് നടൻ പ്രേംകുമാറിനെ സപ്പോർട്ടു ചെയ്തില്ല എന്ന കാര്യവും ഇവിടെ ഓർത്തു പോകുന്നു..

Related Stories

No stories found.
News Malayalam 24x7
newsmalayalam.com