എറണാകുളം: മുനമ്പം സമര സമിതിയിൽ ഭിന്നത. സമരം അവസാനിപ്പിക്കാനുള്ള സമരസമിതി തീരുമാനത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. നാളെ മുതൽ പുതിയ സമര പന്തൽ കെട്ടി സമരം തുടങ്ങാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് മുനമ്പം നിവാസികൾക്ക് കരമടയ്ക്കാനുള്ള അനുമതി നൽകിക്കൊണ്ട് ഹൈക്കോടതി ഉത്തരവായത്. ഇതിന് പിന്നാലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ 410 ദിവസത്തിലേറെയായി തുടരുന്ന സമരം അവസാനിപ്പിക്കാനും തീരുമാനമായി. താൽക്കാലികമായി മുനമ്പം നിവാസികൾക്ക് കരമടയ്ക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
എന്നാൽ വിഷയത്തിൽ ശാശ്വത പരിഹാരം ആവിശ്യപെട്ടാണ് ഇപ്പോൾ ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. വഖഫ് ആസ്തി രജിസ്റ്ററിൽ നിന്ന് ഭൂമി നീക്കം ചെയ്ത് മുനമ്പം നിവാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് വരെ സമരം തുടരാനാണ് വിമത ചേരിയുടെ നീക്കം. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ, രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നും, ഭൂസംരക്ഷണ സമിതി മുനമ്പം ജനതയെ ചതിച്ചുവെന്നും വിമത സമര സമിതി അംഗം ഫിലിപ്പ് പറഞ്ഞു.
അതേസമയം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം നാളെ ഉച്ചയ്ക്ക് അവസാനിപ്പിക്കുമെന്ന് മുനമ്പം പള്ളി സഹവികാരി ഫാദർ മോൻസി വർഗീസ് പറഞ്ഞു. സർക്കാരിൻ്റെ ഉറപ്പ് വിശ്വസിച്ചാണ് സമരം നിർത്തുന്നതെന്നും ഫാദർ കൂട്ടിചേർത്തു. നിയമ മന്ത്രി പി. രാജീവ്, വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നാളെ സമരപ്പന്തലിൽ എത്തും. നിരാഹാര സമരം നടത്തുന്നവർക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കാനാണ് നിലവിലെ തീരുമാനം.എന്നാൽ ഒരു വിഭാഗം ഇടഞ്ഞു നിൽക്കുന്നത് സമരം അവസാനിപ്പിക്കുന്നതിന് വെല്ലുവിളിയായേക്കും.