
കോഴിക്കോട്: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നാളെയും തുടരും. തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്ന് പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു.
മെയ് 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ യെമന്‍ സര്‍ക്കാരുമായി അടിയന്തര ഇടപെടല്‍ നടത്തിയത്. ഇന്ന് മൂന്ന് ഘട്ടങ്ങളായാണ് ചര്‍ച്ചകള്‍ നടന്നത്. തലാലിന്റെ കുടുംബവുമായും ഗോത്ര നേതാക്കളുമായുമാണ് പ്രതിനിധി സംഘം ചര്‍ച്ച നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടിലേക്ക് എത്തിയെന്ന പ്രാഥമിക വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കാന്തപുരത്തിന് അടുത്ത വ്യക്തിബന്ധമുള്ള യെമനിലെ ഏറ്റവും പ്രധാനപ്പെട്ട മതപണ്ഡിതനായുള്ള ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ മുഖാന്തരം നടക്കുന്ന അടിയന്തര ചര്‍ച്ചകള്‍ ഇന്ന് രാത്രി വൈകുവോളം നടന്നുവെന്നാണ് വിവരം.
ചര്‍ച്ച നാളെയും തുടരുമെന്നതിനാല്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം തലാലിന്റെ നാടായ ഉത്തര യമനിലെ ദമാറില്‍ തന്നെ തുടരുകയാണ്. നിമിഷപ്രിയ കേസില്‍ പ്രതീക്ഷ അവസാനിച്ചു എന്ന് കരുതിയ സമയത്ത്കാന്തപുരം നടത്തിയ ഇടപെടല്‍ മലയാളികളെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ യെമനില്‍ നടക്കുന്ന ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും നേരത്തെ അറിയിച്ചിരുന്നു. വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ വലിയ രീതിയില്‍ ഗുണം ചെയ്തുവെന്നാണ് കോര്‍ കമ്മിറ്റി അംഗം കെ. സജീവ് കുമാര്‍ പറഞ്ഞത്. ഉസ്താദിന് യെമനില്‍ ഉള്ള ബന്ധമാണ് ഏറെ സഹായകരമായത്. നിമിഷപ്രിയക്കെതിരായ വധശിക്ഷ നിര്‍ത്തലാക്കും എന്ന് തന്നെയാണ് പ്രതീക്ഷ. അഞ്ചു വര്‍ഷമായി ഇടപെടല്‍ നടത്തുന്നുണ്ടെങ്കിലും ഇപ്പോഴാണ് പൂര്‍ണതയില്‍ എത്തിയത്. വരും ദിവസങ്ങളില്‍ ശുഭ വാര്‍ത്ത ലഭിക്കും. തലാല്‍ പ്രതിനിധാനം ചെയ്യുന്ന ഗോത്രത്തിന്റെ ഇടപെടല്‍ നിര്‍ണായകമാകുമെന്നും കെ. സജീവ് കുമാര്‍ പറഞ്ഞു.
കാന്തപുരം ഉസ്താദിനരികില്‍ എത്താന്‍ വൈകിപ്പോയെന്ന് ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ടും പറഞ്ഞു. പോസിറ്റീവായ ചര്‍ച്ചയാണ് നടക്കുന്നത്. ഞങ്ങള്‍ എത്തുമ്പോള്‍ പോലും യെമനിലെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു ഉസ്താദ്. ഇത്തരം വിഷയത്തില്‍ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യന്‍ എന്നോ ഉള്ള നോട്ടം മര്‍ക്കസിന് ഇല്ല എന്നാണ് ഉസ്താദ് പറഞ്ഞത്. കുടുംബം ദിയാധനം വാങ്ങി മാപ്പാക്കുകയോ വെറുതെ മാപ്പ് നല്‍കുകയോ ചെയ്യുകയാണ് വേണ്ടത്. ഇനി തീരുമാനം കുടുംബത്തിന്റെ കയ്യില്‍ മാത്രമാണെന്നും കുഞ്ഞമ്മദ് കൂരാച്ചുണ്ട് പറഞ്ഞു.
നോര്‍ത്ത് യെമനില്‍ നടക്കുന്ന അടിയന്തര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ബ്ലഡ് മണിക്ക് പകരമായി കുടുംബം മാപ്പ് നല്‍കി വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും മോചനം നല്‍കുകയും വേണമെന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ആവശ്യം കുടുംബം പരിഗണിക്കുന്നു എന്ന വാര്‍ത്തകളാണ് വരുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കാനാണ് യെമന്‍ ജയില്‍ അധികൃതരുടെ തീരുമാനം. ഇതോടെയാണ് മോചനശ്രമങ്ങള്‍ ദ്രുതഗതിയിലായത്. ഇനി രണ്ട് ദിവസം മാത്രമാണ് മുന്നിലുള്ളത്. അതേസമയം വിഷയത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഏപ്രില്‍ 20ന് യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ രണ്ടു തവണ അവര്‍ മകളെ ജയിലില്‍ ചെന്ന് കണ്ടിരുന്നു. യെമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി ശിക്ഷ ഒഴിവാക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ തുടങ്ങി പണം ശേഖരിച്ചിരുന്നു. 19,871 ഡോളര്‍ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു. 2024 ജൂലൈയില്‍ പണം കൈമാറിയിരുന്നു. ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രണ്ടാഘട്ടം പണം സമാഹരിക്കല്‍ തുടരാനായിരുന്നില്ല.