തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും വി. ജോയിയെ പരിഗണിക്കുന്നതിൽ വി. ശിവൻകുട്ടിക്ക് അതൃപ്തി. സെക്രട്ടറിയെ തീരുമാനിക്കാൻ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വി. ശിവൻകുട്ടി വിട്ടുനിന്നു.
ഇന്നലെയാണ് തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി അംഗങ്ങളുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചർച്ച നടത്തിയത്. ആ ചർച്ചയിലാണ് വി. ജോയി തന്നെ ജില്ലാ സെക്രട്ടറിയായി വരട്ടെയെന്ന നിർദേശം സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചത്. സെക്രട്ടറിയെ തീരുമാനിക്കുന്നതിനുള്ള ജില്ലാ നേതൃയോഗമാണ് ഇന്ന് നടക്കുന്നത്. ആ യോഗത്തിൽ നിന്നാണ് ശിവൻകുട്ടി വിട്ടുനിൽക്കുന്നത്. വി. ജോയിയെ തന്നെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലുള്ള അതൃപ്തിയാണ് ശിവൻകുട്ടിയുടെ വിട്ടുനിൽക്കലിന് പിന്നിൽ.
വി. ജോയിയെ അല്ല ജില്ലാ സെക്രട്ടറിയായി പരിഗണിക്കേണ്ടതെന്ന നിർദേശം നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വന്നിരുന്നു.