തൃശൂർ: കുന്നംകുളം സംസ്ഥാനപാതയിൽ ഡിവൈഡർ അടിച്ച് തകർത്ത മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്. കരാർ കമ്പനിയുടെ പരാതിയിലാണ് പേരാമംഗലം പൊലീസ് കേസെടുത്തത്. 19,160 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും പൊതുമുതൽ നശിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി നടന്ന നടപടിയെന്നും എഫ്ഐആറിൽ പറയുന്നു. അനിൽ അക്കരയ്ക്കെതിരെ സിപിഐഎമ്മും ഔദ്യോഗികമായി പരാതി നൽകും.
പിഡബ്ല്യുഡി റോഡിൽ യൂ ടേൺ അടച്ചതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനപാതയിലെ ഡിവൈഡർ അനിൽ അക്കര തല്ലിത്തകർത്തത്. മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു കെട്ടിയതോടെ ഡിവൈഡർ തല്ലിപ്പൊളിക്കുകയായിരുന്നു. തൃശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിൻ്റെ ഭാഗത്തേക്ക് തിരിയണമെങ്കിൽ അമല ആശുപത്രി വരെ പോയി യൂടേൺ എടുത്തു വരേണ്ട അവസ്ഥയാണ്. ഇതിൽ പ്രതിഷേധിച്ചായിരുന്നു അനിൽ അക്കരയുടെ നടപടി.
അവിടെ ഉണ്ടായിരുന്ന പണിക്കാരുടെ കൈയിൽ നിന്നും ചുറ്റിക വാങ്ങി അനിൽ അക്കര ഡിവൈഡർ തല്ലി തകർക്കുകയായിരുന്നു. വിഷയത്തിൽ ജില്ലാ കളക്ടർക്ക് ഉൾപ്പെടെ അനിൽ അക്കര പരാതി നൽകിയിരുന്നുവെങ്കിലും യൂ ടേൺ അടയ്ക്കുകയായിരുന്നുവെന്ന് അനിൽ അക്കര ആരോപിച്ചു.