
കീം പരീക്ഷാഫലം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായി സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിൽ ഇടപെടാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അക്കാദമിക് പ്രശ്നങ്ങളെ സര്‍വീസ് വിഷയം പോലെ പരിഗണിക്കാൻ പറ്റില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഇതോടെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് ഇനി സാധിക്കില്ല.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന സിഗിംൾ ബെഞ്ചിന്‍റെ നിരീക്ഷണം ശരിയാണെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
കഴിഞ്ഞദിവസമാണ് സംസ്ഥാനത്തെ എഞ്ചിയിനയറിങ് പ്രവേശനത്തിനുള്ള കീം ഫലം ഹൈക്കോടതി റദ്ദാക്കിയത്. സിബിഎസ്ഇ-കേരള സിലബസ് മാർക്ക് ഏകീകരണത്തിനുള്ള ഫോർമുലയാണ് ഹൈക്കോടതി സിഗിംൾ ബെഞ്ച് റദ്ദാക്കിയത്. സിബിഎസ്ഇ സ്കൂളുകൾക്കായി സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. എറണാകുളം സ്വദേശിനിയായ വിദ്യാർഥിനിയാണ് ഇതുസംബന്ധിച്ച് ഹർജി നൽകിയത്.
പിന്നാലെ കീം ഫലം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ നൽകുകയായിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ വേണമെന്നായിരുന്നു സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. അപ്പീൽ രാവിലെ തന്നെ പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ഡിവിഷൻ ബെഞ്ച് ഇപ്പോൾ വ്യക്തത വരുത്തിയത്.