

തിരുവനന്തപുരം: ലോകമെങ്ങും കാൽപ്പന്തുകളിയുടെ ആവേശത്തിലാണ്. ഈ ആവേശം വൈദ്യുതി ലൈനിന് അടുത്തേക്ക് പോകരുതെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ലോകകപ്പ് ഫുട്ബോൾ കിക്കോഫിന് ഇനി ചില ദിവസങ്ങൾ മാത്രം ശേഷിക്കെ പലയിടങ്ങളിലും ഫുട്ബോൾ ആരാധകർ ഫ്ലെക്സുകൾ, ബാനറുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ പാതകൾക്ക് കുറുകെയും വൈദ്യുതി ലൈനുകൾക്ക് സമീപവും സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നുണ്ട്.
ഇത് തികച്ചും അപകടകരമാണ്. കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനുകളുമായി സമ്പർക്കമുണ്ടായാൽ ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും വരെ കാരണമായേക്കാം.
കൂടാതെ ശക്തമായ കാറ്റിലും മഴയിലും ഇവ വൈദ്യുതി ലൈനുകളിലേക്ക് വീഴുന്നതിലൂടെ വൈദ്യുതി തടസമുണ്ടാകാനും ജനങ്ങളുടെ സുരക്ഷ അപകടത്തിലാകാനും സാധ്യത ഏറെയാണ്. തികഞ്ഞ ജാഗ്രത വേണം. വൈദ്യുതി ലൈനുകൾക്ക് സമീപം ഫ്ലെക്സുകൾ, ബാനറുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ സ്ഥാപിക്കരുത്.
വൈദ്യുതിസംബന്ധമായ എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കുകയും വേണം.