കൊല്ലം: മെഡിക്കല്‍ കോളേജില്‍ പന്മന സ്വദേശി വേണു ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയില്‍മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ വാദം തള്ളി വേണുവിൻ്റെ ഭാര്യ. ഭർത്താവിനെ കൊന്നതാണ് എന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും ഭാര്യ സന്ധ്യ പറഞ്ഞു.
ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. എന്നാൽ ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊന്നും ഡോക്ടർമാർ പറഞ്ഞിട്ടില്ല എന്നും ഭാര്യ പറഞ്ഞു. അഡ്മിറ്റായ് കിടന്നപ്പോൾ പല ബുദ്ധിമുട്ടുകളുമുണ്ടായി. എന്നിട്ട് പോലും ഡോക്ടർമാർ തിരിഞ്ഞ് നോക്കാൻ തയ്യാറായില്ല. ആൻജിയോഗ്രാമിൻ്റെ ദിവസത്തിനായ് കാത്തിരുന്നുവെന്നും ഭാര്യ പറഞ്ഞു.
എന്നാൽ വേണുവിൻ്റെ കാര്യത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രന്‍ പറഞ്ഞത്. വേണു ആന്‍ജിയോഗ്രാം ചെയ്യാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ലെന്നും ക്രിയാറ്റിനിന്‍ അടക്കം കൂടുതല്‍ ആയിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചിരുന്നു. അത് നിയന്ത്രിക്കാതെ ആന്‍ജിയോഗ്രാം ചെയ്യാന്‍ സാധിക്കുമായിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
വാര്‍ത്തയില്‍ കണ്ടാണ് ആരോപണങ്ങളെക്കുറിച്ചുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടത്.ഒന്നാം തീയതിയാണ് ചികിത്സ തേടിയെത്തിയത്.നേരത്തെ സ്‌ട്രോക്ക് വന്നിട്ടുള്ളയാളാണ്. ആന്‍ജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം വാര്‍ഡില്‍ കാര്‍ഡിയോളജി വിഭാഗം തന്നെയാണ് അഡ്മിറ്റ് ചെയ്തത്. ഇന്നലെ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടായി. വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പരമാവധി ചികിത്സ നല്‍കി. ചികിത്സ നല്‍കാന്‍ കാലതാമസവും ഉണ്ടായിട്ടില്ല. ഓഡിയോയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ല. കൃത്യമായി ചികിത്സ നല്‍കിയിട്ടും ഇത്തരം കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് ദുഃഖകരമാണെന്നും സൂപ്രണ്ട് പറഞ്ഞു.
ഇന്നലെയാണ് കൊല്ലം പന്മന സ്വദേശിയായ വേണു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. കിത്സാ പിഴവ് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. വേണുവിന് ചികിത്സ വൈകിപ്പിച്ചെന്നും സംഭവത്തില്‍ അന്വേഷണം നടത്തി നടപടി എടുക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്.
മരണവാർത്തയ്ക്ക് പിന്നാലെ വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഡോക്ടർമാരിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളാണ് വേണു സുഹൃത്തുമായി പങ്കുവച്ചത്. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഈ ശബ്ദ രേഖ പുറത്തുവിടണമെന്നും വേണു ആവശ്യപ്പെടുന്നുണ്ട്.
"ആശുപത്രിയില്‍ ഉള്ളവരോട് എന്തെങ്കിലും ചോദിച്ചാല്‍ നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും തിരിഞ്ഞു നോക്കുന്നില്ല. വെള്ളിയാഴ്ച രാത്രിയിലാണ് എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യാന്‍ എത്തിയത്. അഞ്ച് ദിവസമായിട്ടും എന്റെ കാര്യത്തില്‍ കാണിക്കുന്ന ഉദാസീനതയും കാര്യപ്രാപ്തിയില്ലായ്മയും എന്താണ് എന്ന് മനസിലാകുന്നില്ല:, എന്നായിരുന്നു വേണുവിന്റെ വാക്കുകള്‍.