കൊച്ചി: മരണത്തെ മുഖാമുഖം കണ്ട യുവാവിന് രക്ഷകരായി മൂന്ന് ഡോക്ടർമാർ. എറണാകുളം ഉദയംപേരൂരിലാണ് സംഭവം. വാഹന അപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശി ലിനുവിന് ശ്വാസം എടുക്കാൻ കഴിയാതെ വന്നപ്പോൾ വഴിയരികിൽ ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയാണ് ഡോക്ടർമാർ ജീവൻ രക്ഷിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക്ക് ശസ്ത്രക്രിയ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോക്ടർ ബി. മനൂപ്, കടവന്ത്ര സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ, ദിദിയ കെ. തോമസ് എന്നിവർ ചേർന്നാണ് ലിനുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
സംഭവത്തിൽ ഡോക്ടർമാരെ അഭിനന്ദിച്ച് വി.ഡി. സതീശൻ. ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവർത്തിയാണത്. സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് ഒരു ജീവൻ രക്ഷിച്ചത്. വാർത്ത അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയി എന്നും വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
ഒരു ജീവൻ രക്ഷിക്കുക... ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക. അത് ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവർത്തിയാണ്. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ ഭാര്യ ദിദിയാ തോമസ് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസർ ബി മനൂപ് എന്നിവർ സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് ഒരു ജീവൻ രക്ഷിച്ചത്.
ഡോക്ടർ ദമ്പതികളായ തോമസും ദിദിയയും പള്ളിയിലേക്ക് പോകുമ്പോഴാണ് ഉദയംപേരൂരിൽ റോഡപകടത്തിൽ പെട്ട് രക്തം വാർന്ന് കിടക്കുന്നവരെ കണ്ടത്. അതിൽ ഒരാളുടെ നില ഗുരുതരം. ഡോ മനൂപ് ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ നടുറോഡിൽ വച്ച് ശസ്ത്രക്രിയ നടന്നു. നാട്ടുകാരും പോലീസും സഹായിച്ചു. ഒരാൾ ജീവിതത്തിൽ തുടരും എന്ന് നാല് മിനിറ്റ് കൊണ്ട് ആ ഡോക്ടർമാർ ഉറപ്പാക്കി. എങ്ങനെയാണ് അവരോട് നന്ദി പറയേണ്ടത്
രാവിലെ ഈ വാർത്ത വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി. ഡോക്ടർമാരെ നേരിൽ വിളിച്ച് സന്തോഷം അറിയിച്ചു. അവർ എല്ലാ അഭിനന്ദനവും അർഹിക്കുന്നു. പ്രിയപ്പെട്ടവരെ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക