തിരുവനന്തപുരം: ഇത്തവണ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ ചില കൗതുകങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് പതിവായി വിദ്യാഭ്യാസ മന്ത്രി നടത്തുന്ന ഫലപ്രഖ്യാപനം ഉണ്ടായില്ല എന്നതാണ്. സർക്കാർ രൂപീകരണം നടക്കാത്തതിനാൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫാണ് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചത്.
അതു മാത്രമല്ല ഇന്ന് ഫലപ്രഖ്യാപനം നടത്തിയ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫിനും ഓർമപുതുക്കാൻ ഉണ്ട്. 40 വർഷങ്ങൾ മുൻപ് എസ്എസ്എൽസി പരീക്ഷയിലെ റാങ്ക് ജേതാവായിരുന്നു ഷർമിള മേരി ജോസഫ്. നാല് പതിറ്റാണ്ടു മുൻപത്തെ ഒരു റാങ്കുകാരി ഇന്ന് ഫലപ്രഖ്യാപനം നടത്തിയെന്ന കൗതുകവും ഇത്തവണയുണ്ട്.
46.73 വിജയ ശതമാനമുണ്ടായിരുന്ന വർഷമാണ് ഷർമിള മൂന്നാം റാങ്ക് നേടിയത്. അന്ന് പത്രങ്ങളിലെ മുൻപേജിൽ ചിത്രത്തിലൂടെ തിളങ്ങിയ വിദ്യാർഥിനി. വർഷങ്ങൾക്കിപ്പുറം പരീക്ഷഫലം പ്രഖ്യാപിക്കാൻ സാധിച്ചതിൻ്റെ സന്തോഷം മറച്ചുവച്ചില്ല. റാങ്ക് സിസ്റ്റത്തെക്കാളും വിദ്യാർഥികൾക്ക് നല്ലത് ഗ്രേഡ് സിസ്റ്റം ആണെന്നും, റാങ്ക് സിസ്റ്റം കുട്ടികളുടെ മാനസിക സമ്മർദ്ദം വർധിപ്പിക്കുമെന്നും ഡോ. ഷർമിള പറഞ്ഞു.
എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. അന്ന് എനിക്കുണ്ടായിരുന്ന അതേ എക്സൈറ്റ്മെൻ്റ് ഇന്ന് വിദ്യാർഥികൾക്ക് ഉണ്ടാകും എന്നാണ് കരുതുന്നത്. റാങ്ക് ലഭിച്ചത് വിദ്യാഭ്യാസ മന്ത്രിയാണ് വിളിച്ച് അറിയിച്ചത്. പിറ്റേന്ന് പത്രങ്ങളിലും വന്നു. പരീക്ഷയിൽ വിജയിച്ചവർ കൃത്യമായ പദ്ധതികളോടെ മുന്നോട്ട് പോകണം. പരാജയപ്പെട്ടവർ വിഷമിക്കരുത്. അവർക്ക് ഇനിയും അവസരമുണ്ട് എന്നും ഡോ. ഷർമിള പറഞ്ഞു.
പരിശീലനം നേടിയ മെഡിക്കൽ ഡോക്ടറായ ഷർമിള അമേരിക്കയിലെ സിറാക്കൂസ് സർവകലാശാലയിലെ മാക്സ്വെൽ സ്കൂളിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.1997 ലെ കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് ഷർമിള മേരി ജോസഫ്.