കണ്ണൂർ: തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ. പാംപ്ലാനി പിതാവിന് നിയോ മുള്ളറുടെ അവസ്ഥയുണ്ടാകുമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജിൻ്റെ വിമർശനം. ജയിലിൽ അടയ്ക്കുന്നതുവരെ ഹിറ്റ്ലറെ വാഴ്ത്തിപാടിയ പാസ്റ്ററാണ് നിയോ മുള്ളർ. ചില പിതാക്കന്മാർ ഇപ്പോൾ ആർഎസ്എസിന് കുഴലൂത്ത് നടത്തുകയാണെന്നും സനോജ് പറഞ്ഞു.
"അഞ്ചുവർഷക്കാലം ജയിലിൽ കിടന്ന ശേഷമാണ് നിയോ മുള്ളര്‍ക്ക് ബോധോദയം ഉണ്ടായത്. അതുവരെ ഹിറ്റ്ലര്‍ നല്ലവനായിരുന്നു. പാംപ്ലാനി പിതാവിനും നിയോ മുള്ളറുടെ അവസ്ഥ വരും. ചില പിതാക്കൻമാരിപ്പോൾ ആർഎസ്എസിനായി കുഴലൂത്തു നടത്തുകയാണ്. അരമനയിലേക്ക് കേക്കുമായി എത്തുന്ന ആർഎസ്എസുകാരെ സ്വീകരിക്കുകയാണ്. പരസ്പരം പരവതാനി വിരിച്ച് ആശ്ലേഷിക്കുകയാണ്. ഇവർ ആരെയാണ് പൊട്ടന്മാരാക്കുന്നത്," വി. കെ. സനോജ് വിമര്‍ശിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കിലും നേരത്തെ പലവിഷയങ്ങളിലും കേന്ദ്രസർക്കാരിന് അനുകൂല നിലപാട് സ്വീകരിച്ച വ്യക്തിയാണ് പ്ലാംപ്ലാനി. മതപരിവര്‍ത്തന നിരോധനം ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മത സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണെന്ന് കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരിക്കവെ പാംപ്ലാനി പറഞ്ഞിരുന്നു. മതപരിവര്‍ത്തനം നിരോധന നിയമം പിന്‍വലിക്കേണ്ടതാണ്. തൂമ്പയെ തൂമ്പ എന്ന് വിളിക്കാന്‍ ഞങ്ങള്‍ക്ക് ധൈര്യമുണ്ട്. കേക്കും ലഡ്ഡുവും തന്നതുകൊണ്ട് സുവിശേഷത്തിന്റെ ആദര്‍ശം മറക്കില്ലെന്നും പാംപ്ലാനി പറഞ്ഞിരുന്നു.