പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ. പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി. റിയാസുദീനാണ് പരാതി നൽകിയത്. അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിനും സൈബർ ആക്രമണം നടത്തിയതിനുമാണ് സന്ദീപ് വാര്യരടക്കം ഉള്ളവർക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകിയത്.
അതേസമയം, അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അഡ്വ. അജിത്കുമാർ ശാസ്തമംഗലം വഴിയാണ് അപേക്ഷ നൽകിയത്. വിവാഹ സമയത്തെ ആശംസാ പോസ്റ്റ് കുത്തിപ്പൊക്കിയതെന്നാണ് സന്ദീപ് വാര്യരുടെ വാദം. അതിജീവിതയെ അപമാനിക്കുന്ന പ്രവൃത്തി ചെയ്തിട്ടില്ലെന്നും സന്ദീപ് വാര്യര്‍ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
ഇനിയും ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വീഡിയോകൾ ചെയ്യുമെന്ന് അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപത്തിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ല. കുറ്റകൃത്യം ആവർത്തിക്കുമെന്നും രാഹുൽ ഈശ്വറിൻ്റെ ആഹ്വാനം. രാഹുൽ ഈശ്വറിനെ പൗഡിക്കോണത്തെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ലാപ്ടോപ്പ് അടക്കം പിടിച്ചെടുത്തു. ഇലക്ട്രോണിക് ഉപകരണങ്ങൾ തേടിയാണ് അന്വേഷണമെന്ന് ഭാര്യ ദീപാ രാഹുൽ ഈശ്വർ പറഞ്ഞു.