രാഷ്ട്രീയ വീക്ഷണവും കാഴ്ചപ്പാടുകളുമില്ല; ഡിവൈഎഫ്ഐ നേതൃത്വം ഇങ്ങനെ മതിയോ? വിമര്‍ശനങ്ങള്‍ അക്കമിട്ടു നിരത്തി പ്രതിനിധികള്‍

സിജെപി ഏറ്റെടുത്ത് നടത്തിയ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്ഐ
രാഷ്ട്രീയ വീക്ഷണവും കാഴ്ചപ്പാടുകളുമില്ല; ഡിവൈഎഫ്ഐ നേതൃത്വം ഇങ്ങനെ മതിയോ? വിമര്‍ശനങ്ങള്‍ അക്കമിട്ടു നിരത്തി പ്രതിനിധികള്‍
Published on
Updated on

തൃശൂരില്‍ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിന് പ്രതിനിധികളുടെ അതിരൂക്ഷ വിമര്‍ശനം. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ക്യാമ്പയിനുകള്‍ ദേശീയ നേതൃത്വം ഏറ്റെടുക്കുന്നില്ല. സിജെപി ഏറ്റെടുത്തു നടത്തിയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകേണ്ടിയിരുന്നത് ഡിവൈഎഫ്ഐ. ജെൻസി കാലഘട്ടത്തിനനുസരിച്ച് അടിമുടി സംഘടനയ്‌ക്ക് മാറ്റം വരണം. നേതാക്കൾക്ക് രാഷ്ട്രീയ വീക്ഷണവും പ്രത്യയശാസ്ത്ര കാഴ്ച്ചപ്പാടുകളും ഇല്ലെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

സാര്‍വദേശീയം

ചൈന സോഷ്യലിസ്റ്റ് പാതയിൽ ആണോ എന്ന് സംശയിക്കണമെന്ന് പ്രതിനിധികള്‍ പറഞ്ഞു. ചൈനയെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാതൃകയാക്കണമോ? മുതലാളിത്ത ഉപരോധത്താൽ ക്യൂബ വലിഞ്ഞു മുറുക്കപ്പെടുമ്പോൾ റഷ്യയും ചൈനയും നോക്കിനിൽക്കുന്നു. സാർവദേശീയ വിഷയങ്ങളിൽ പ്രതിഷേധം നടത്തുന്നതിനപ്പുറം രാജ്യത്തെ ഇടതു സംഘടനകൾ സാർവദേശീയ വിഷയങ്ങളിൽ ഇടപെടൽ നടത്തണം.

ദേശീയം

ഡിവൈഎഫ്ഐ അഖിലേന്ത്യ നേതൃത്വം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ക്യാമ്പയിനുകൾ ഏറ്റെടുക്കുന്നില്ല. സിജെപി ഏറ്റെടുത്ത് നടത്തിയ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്ഐ ആയിരുന്നു. ഡിവൈഎഫ്ഐ ആക്കിയ നേതാക്കളുടെ പലരുടെയും പേരുപോലും താഴെത്തട്ടിലെ പ്രവർത്തകർക്ക് അറിയില്ല. നീറ്റ് വിഷയത്തിൽ സിജെപിക്കു മാത്രമല്ല ഡിവൈഎഫ്ഐക്കും സമരം ഏറ്റെടുത്ത് മുന്നോട്ടുപോകാമായിരുന്നു. എങ്കിലും ഡൽഹിയിൽ വിദ്യാർഥികളുടെ സമരത്തിൽ ഇടപെട്ടത് അഭിനന്ദനാർഹമാണ്. എ.എ. റഹീം അടക്കമുള്ളവർക്ക് സമരത്തിന്റെ മുഖമായി മാറാൻ കഴിഞ്ഞു. സംഘടന രൂപം കൊണ്ട പഞ്ചാബിൽ പോലും ഡിവൈഎഫ്ഐക്ക് സ്വാധീനം ഇല്ലാതായി. ഇതര സംസ്ഥാനങ്ങളിൽ യുവാക്കളുടെ പ്രശ്നങ്ങളെ ഏറ്റെടുത്ത് മുന്നോട്ടുവരാൻ ഡിവൈഎഫ്ഐക്കാവണം.

സംസ്ഥാനം

ജെൻസി കാലഘട്ടത്തിനനുസരിച്ച് സംഘടനയ്ക്ക് അടിമുടി മാറ്റം വരണം. ഡിവൈഎഫ്ഐ നേതാക്കളുടെ വസ്ത്രധാരണത്തിൽ പോലും മറ്റം വരണം. പരമ്പരാഗത രീതികളിൽ നിന്ന് മാറി ജെൻസികളെ ആകർഷിക്കാനാകും വിധം പ്രവർത്തനത്തിൽ മാറ്റം വരണം. ഇന്നത്തെ തലമുറയിലെ ഡിവൈഎഫ്ഐ നേതാക്കൾക്കും രാഷ്ട്രീയ വിദ്യാഭ്യാസമില്ല. രാഷ്ട്രീയ വീക്ഷണവും കാഴ്ചപ്പാടുകളും നേതാക്കൾക്കുമില്ല. നേതാക്കളായി എത്തുന്നവരിൽ ഏറെ പേർക്കും പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളുമില്ല. ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കാനും അകറ്റിനിർത്താനും ഡിവൈഎഫ്ഐ ശ്രദ്ധിക്കണം. ഡിവൈഎഫ്ഐയിൽ ഇല്ലാതാകുന്ന സ്ത്രീ സാന്നിധ്യം വർധിപ്പിക്കണം. അടിക്കടിയുള്ള ക്യാമ്പയിനുകളും പണപ്പിരിപ്പും ഒഴിവാക്കി, പ്രധാനപ്പെട്ട ക്യാമ്പയിനുകളിലേക്ക് ശ്രദ്ധ തിരിക്കണം. പ്രധാനപ്പെട്ട ക്യാമ്പയിനുകള്‍ ഏറ്റെടുത്ത് മൂവ്‌മെന്റുകളാക്കി മാറ്റാന്‍ ഡിവൈഎഫ്ഐക്ക് ആകുന്നില്ല.

ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല

ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ മുന്നോട്ടു പോകണമെന്ന് ഡിവൈഎഫ്ഐ പ്രവർത്തന റിപ്പോർട്ട്. സംഘടനയ്ക്കുള്ളിൽ ഉള്ളവരും പുറത്തുള്ളവരുമായ ആരും ലഹരി ഉപയോഗിച്ചാൽ പ്രോത്സാഹിപ്പിക്കരുത്. സംഘടന അറിയാതെ ലഹരി ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണം.

News Malayalam 24x7
newsmalayalam.com