
തൃശൂർ: സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിൽ അഴിമതി ആരോപണവുമായി ഡിവൈഎഫ്ഐ നേതാവ്. നടത്തറയിൽ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിൽ മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ്. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്നത് വൻ അഴിമതിയാണെന്നാണ് ആരോപണം.
മതിയായ രേഖകൾ ഇല്ലാതെ ലോൺ നൽകിയും പണയ ഉരുപ്പടികൾ മറ്റ് ബാങ്കുകളിൽ പണയം വച്ചുമാണ് കോടികളുടെ ക്രമക്കേട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് വരെ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്നും ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി അംഗവും സിപിഐഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ നിബിൻ ശ്രീനിവാസൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. അഴിമതി ചൂണ്ടിക്കാട്ടിയ തന്നെ ഏരിയാ കമ്മറ്റിയിൽ നിന്ന് തരംതാഴ്ത്തിയെന്നും ആരോപണ വിധേയരെ സംരക്ഷിച്ചുവെന്നും നിബിൻ പറഞ്ഞു.
പരാതി ഉന്നയിച്ചതിനാല്‍ തന്നെ കഴിഞ്ഞ സമ്മേളനക്കാലയളവില്‍ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയെന്നാണ് നിബിൻ ആരോപിക്കുന്നത്. എം.എസ് പ്രദിപ്കുമാറിന്റെ നേതൃത്വത്തില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ഈ സംഘം കേന്ദ്രീകരിച്ച് സഹകരണ വകുപ്പ് അന്വേഷണം നടക്കുകയാണെന്നും നിബിന്‍ പറഞ്ഞു. അന്വേഷണം പൂർത്തിയായ ഇടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായി തെളിഞ്ഞതായും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും ഡിവൈഎഫ്ഐ നേതാവ് കൂട്ടിച്ചേർത്തു.
പാർട്ടി സംസ്ഥാന സെക്രട്ടറിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ തല്‍ക്കാലം പുറത്തുപറയേണ്ട എന്ന നിർദേശമാണ് ലഭിച്ചത്. മൂർക്കിനിക്കര സഹകരണ ബാങ്ക്, നടത്തറ റബർ ടാപ്പിങ് സഹകരണ സംഘം, പുഴുക്കള്ളി കണ്‍സ്യൂമർ സഹകരണ സംഘം, അയ്യപ്പന്‍കാവ് കാർഷിക സംഘം, നടത്തറ കാർഷിക- കാർഷികേതര തൊഴിലാളി സംഘം തുടങ്ങിയ സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായാണ് നിബിന്‍ ശ്രീനിവാസൻ ആരോപിക്കുന്നത്.