ജയിലില്‍ ഇഡി പ്രതികളുടെ ഓണാഘോഷം, റീല്‍സ്; പൊലീസുകാര്‍ക്ക് പണിയാകും

അച്ചടക്ക നടപടിയെന്ന നിലയില്‍ സ്റ്റേഷന്‍ ഡ്യൂട്ടിയില്‍നിന്നും മാറ്റിനിര്‍ത്തി പരിശീലനത്തിന് അയയ്ക്കാന്‍ സാധ്യത
ജയിലില്‍ ഇഡി പ്രതികളുടെ ഓണാഘോഷം, റീല്‍സ്; പൊലീസുകാര്‍ക്ക് പണിയാകും
Published on
Updated on

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഇഡി കേസ് പ്രതികളുടെ ഓണാഘോഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് നടപടിയുണ്ടാകും. സ്റ്റേഷനിലെ ആറു പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ ജെഡി ചാര്‍ജില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരടക്കം നടപടി നേരിടേണ്ടിവരും. അച്ചടക്ക നടപടിയെന്ന നിലയില്‍ സ്റ്റേഷന്‍ ഡ്യൂട്ടിയില്‍നിന്നും മാറ്റിനിര്‍ത്തി പരിശീലനത്തിന് അയയ്ക്കാനാണ് സാധ്യത.

ഇഡി കേസ് പ്രതികളായ ഐ.പി. ബിനു ഉള്‍പ്പെടെ സിപിഐഎം നേതാക്കള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷം നടത്തി റീല്‍സ് ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ എഡിജിപി പി. വിജയന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികള്‍ സ്റ്റേഷനില്‍ ഓണാഘോഷത്തില്‍ പങ്കെടുത്തതില്‍ പൊലീസിന് വീഴ്ചയുണ്ടായി എന്നാണ് കമ്മീഷണര്‍ റിപ്പോര്‍ട്ട്. പ്രതികളെ ഒപ്പ് ഇടുവിച്ച് വേഗം പറഞ്ഞയയ്ക്കണമായിരുന്നു, അതുണ്ടായില്ല. പ്രതികളെ സ്റ്റേഷന്‍ പരിസരത്തു തന്നെ നിര്‍ത്തിയെന്നും കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണ മേഖല ഐജിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ തുടർനടപടികൾ സംസ്ഥാന പൊലീസ് മേധാവി തീരുമാനിക്കും.

സ്റ്റേഷനില്‍ ഓണാഘോഷത്തിനായി കെട്ടിയ ഊഞ്ഞാലില്‍ പ്രതികള്‍ ആടുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്തുവന്നത്. മാത്രമല്ല, ഒരേ നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് പൊലീസുകാര്‍ ധരിച്ചിരുന്നത്. അതേ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ബിനുവും ആഘോഷത്തില്‍ പങ്കെടുത്തത്. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം ഉണ്ടാകും. ബിനു സമാന നിറത്തിലുള്ള ഷർട്ട് ഇട്ടതിൽ പൊലീസ് ഇടപെടൽ ഉണ്ടായോ എന്നതാകും പരിശോധിക്കുക.

News Malayalam 24x7
newsmalayalam.com