കൊച്ചി: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികൾക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ഇതിൻ്റെ ഭാഗമായി അഞ്ച് സൊസൈറ്റികളോട് രേഖകൾ ഹാജരാക്കാൻ ഇഡി നിർദേശം നൽകി. കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് വൻ തോതിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നുവെന്നും ഇത് ആർബിഐ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് നടപടി. നിക്ഷേപത്തിൻ്റെ മറവിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കും.
കേന്ദ്ര സർക്കാരിൻ്റെ കോ-ഓപ്പറേഷൻ മന്ത്രാലയത്തിന് കീഴിലാണ് മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികൾ പ്രവർത്തിക്കുന്നത്. അടുത്ത കാലത്തായി നിരവധി മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ആണ് പ്രവർത്തനം ആരംഭിച്ചത്. ആർബിഐ ചട്ടങ്ങൾ ലംഘിച്ച് 16 മുതൽ 20 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കും. ഇങ്ങനെ ലക്ഷങ്ങളും കോടികളും ലഭിച്ച ശേഷം ചില സൊസൈറ്റികൾ നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയതായി പരാതി ലഭിച്ചതോടെയാണ് ഇഡി അന്വേഷണം ശക്തമാക്കിയത്. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അഞ്ച് സൊസൈറ്റികളോട് രേഖകൾ ഹാജരാക്കാൻ നിർദേശം നൽകി.
കോഴിക്കോടും കോട്ടയത്തും ഉൾപ്പെടെ പ്രവർത്തിക്കുന്ന ഭാരത് ലാഞ്ചന മൾട്ടി സ്റ്റേറ്റ് ഹൗസിങ് സൊസൈറ്റി, പ്രൈഡ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, വിന്നർ റോയൽ വർഷ ക്രെഡിറ്റ് ഹൗസിങ് സൊസൈറ്റി, ജീവൻ ജ്യോതി ക്രെഡിറ്റ് ഹൗസിങ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. സൊസൈറ്റി രൂപീകരണവുമായി ബന്ധപ്പെട്ട രേഖകൾ, പ്രാഥമിക അംഗത്വ ലിസ്റ്റ്, ഡയറക്ടർ ബോർഡ് അംഗങ്ങളുടെ വിശദാംശങ്ങൾ, കഴിഞ്ഞ അഞ്ചു വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവ ഹാജരാക്കണമെന്നാണ് ഇഡി നിർദേശം നൽകിയത്.
ബാലൻസ് ഷീറ്റിൻ്റെ പകർപ്പും വായ്പയുടെ വിശദാംശങ്ങളും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സൊസൈറ്റികൾ മറ്റ് സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടത്തിയെന്നും പരാതിക്കാർ ആരോപിക്കുന്നു. നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് തട്ടിപ്പ് സംബന്ധിച്ച് സൂചനകൾ ലഭിച്ചിരുന്നു. ഐബിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇഡി നടപടിയെടുത്തിരിക്കുന്നത്.