

തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിലുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വാടക വീട്ടിൽ ഇഡി ഉദ്യോഗസ്ഥരെത്തി. സിഎംആർഎൽ-എക്സാലോജിക് കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് കൈമാറാനായാണ് ഉദ്യോഗസ്ഥരെത്തിയത്.
എന്നാൽ ഈ സമയം പിണറായി വിജയൻ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം. തുടർന്ന് ഉദ്യോഗസ്ഥർ നോട്ടീസ് വീടിൻ്റെ ഭിത്തിയിൽ ഒട്ടിച്ചു. വെള്ളിയാഴ്ച ഇഡി ഓഫീസിൽ ഹാജരാവണമെന്നാണ് സമൻസിൽ നിർദേശിച്ചിരിക്കുന്നത്.
മുൻമന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഈസമയം പിണറായിയുടെ വീട്ടിലുണ്ടായിരുന്നു. കേസിൽ പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സമൻസ് ലഭിച്ചത്. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് പിണറായി വിജയൻ ഇഡിക്ക് മറുപടി നൽകുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശിച്ചേക്കുമെന്നാണ് വിവരം.