

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണാ തൈക്കണ്ടിയിലിനെ ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലി തയ്യാറാക്കി ഇ.ഡി. സിഎംആർഎല്ലിൽ നിന്നും ലഭിച്ച 2.78 കോടി വിനിയോഗിച്ചത് എങ്ങനെയെന്നതിൽ വ്യക്തത വരുത്തും. പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചെങ്കിൽ കണ്ടുകെട്ടാനും നീക്കം. കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച 134 രേഖകൾ ആവശ്യപ്പെട്ട് എസ്എഫ്ഐഒയ്ക്ക് ഇ.ഡി കത്ത് നൽകി. അതേസമയം, സിഎംആർഎൽ ഉന്നതരുടെ ചോദ്യം ചെയ്യൽ അടുത്തയാഴ്ച നടക്കും.
കഴിഞ്ഞ ദിവസമാണ് സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ തൈക്കണ്ടിയിലിന് ഇ.ഡി സമൻസ് നൽകിയത്. വെള്ളിയാഴ്ച കൊച്ചിയലെ ഇ.ഡി ഓഫീസിൽ ഹാജരാകണമെന്നാണ് വീണയ്ക്ക് നൽകിയ നിർദേശം. വീണയടക്കം ഒൻപത് പേർക്കാണ് ഇ.ഡി സമൻസ് അയച്ചത്. സിഎംആർഎല്ലിൻ്റെ ഉടമകളിലൊരാളായ ശശിധരൻ കർത്ത, മകൻ ശരൺ എസ്. കർത്ത എന്നിവരും സമൻസ് ലഭിച്ചവരിൽ ഉൾപ്പെടുന്നു. ശരൺ എസ്. കർത്തയ്ക്ക് തിങ്കളാഴ്ച ഹാജരാകാനാണ് സമൻസ് നൽകിയിരിക്കുന്നത്.
ബാങ്ക് രേഖകൾ, സ്വത്ത് വിവരങ്ങൾ, നികുതി വിവരങ്ങൾ എന്നിവ ഹാജരാക്കണമെന്നും വാഹനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും ഇ.ഡി ഡയറക്ടർ അറിയിച്ചു. കേസിൽ ഇതാദ്യമായാണ് വീണയെ ഇ.ഡി വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, ഭർത്താവ് മുഹമ്മദ് റിയാസ് എംഎൽഎ, സിഎംആർഎൽ എംഡി എന്നിവരുടെ വീടുകളിലുൾപ്പെടെ 11 ഇടങ്ങളിൽ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു.
പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് സിഎംആർഎൽ-എക്സാലോജിക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.