കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടൻ ദുൽഖർ സൽമാൻ്റെ വീട്ടിലെ ഇഡി റെയ്ഡ് പൂർത്തിയായി. 13 മണിക്കൂറോളം നീണ്ട റെയ്ഡ് പൂർത്തിയാക്കി രാത്രി എട്ട് മണിയോടെ ഇഡി ഉദ്യോഗസ്ഥർ മടങ്ങി. അതേസമയം, റെയ്ഡിനെ കുറിച്ച് ദുൽഖർ പ്രതികരിച്ചില്ല.
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻമാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ പരിശോധന നടന്നത്. ഇവരുടെ അടക്കം 17 ഇടങ്ങളിലാണ് ഇഡി ഇന്ന് റെയ്ഡ് നടത്തിയത്. കൊച്ചിയിലും ചെന്നൈയിലുമായി 17 ഇടങ്ങളിൽ ഒരേ സമയം റെയ്ഡ് നടന്നു. കസ്റ്റംസിന് പിന്നാലെയാണ് ഇഡി റെയ്ഡും ഉണ്ടാകുന്നത്. കസ്റ്റംസിന് ഹൈക്കോടതിയിൽ തിരിച്ചടി കിട്ടിയതിന് തൊട്ടുപിന്നാലെയാണ് പരിശോധന.
പണമിടപാട്, വിദേശനാണ്യ വിനിമയ നീക്കം എന്നിവ കണ്ടെത്തുന്നതിനായാണ് അന്വേഷണം. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ പ്രഥമദൃഷ്ട്യാ ഉള്ള ലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇഡി നടപടി. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിര്‍ത്തി കടന്നുള്ള പണമടയ്ക്കലുകളും പരിശോധനയില്‍ ഉള്‍പ്പെടുന്നു.