കോഴിക്കോട്: മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിൽ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞ സിപിഐഎം നേതാക്കൾക്ക് എതിരെ കേസെടുത്തു. 57 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. എം. മെഹബൂബ്, വി. വസീഫ്, എ. പ്രദീപ് കുമാർ, പി. മോഹനൻ ഉൾപ്പെടെ പ്രതികളാണ്. വാഹനം തടയുകയും സംഘർഷാവസ്ഥയുണ്ടാക്കുകയും ചെയ്തെന്നാണ് ഇവർക്കെതിരെ എഫ്ഐആറിലുള്ളത്.
തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുള്ള അക്രമങ്ങൾക്ക് നേതൃത്വം നൽകിയ സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. ബിനുവിനെ എ.ആർ. ക്യാംപിലേക്ക് മാറ്റി. അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറിന് നേരെ മുട്ട എറിഞ്ഞത് ബിനുവായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം കേസില്‍ അഞ്ച് പ്രതികളെ വഞ്ചിയൂര്‍ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.