സിഎംആർഎൽ എക്സാലോജിക് കേസിൽ വീണയ്‌ക്കെതിരെ തെളിവ് തേടി ഇ.ഡി; എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകൾക്കായി കോടതിയെ സമീപിച്ചു

വീണയും സിഎംആർഎല്ലും തമ്മിലുണ്ടാക്കിയ കരാർ അടക്കം 134 രേഖകൾ വേണമെന്നാണ് ഹർജി...
വീണാ വിജയൻ
വീണാ വിജയൻSource: Files
Published on
Updated on

എറണാകുളം: സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ തൈക്കണ്ടിയിലിന് എതിരെ തെളിവ് തേടി ഇ.ഡി. എസ്എഫ്ഐഒ കസ്റ്റഡിയിൽ എടുത്ത രേഖകൾക്കായി എറണാകുളം പിഎംഎൽഎ കോടതിയെ സമീപിച്ചു. വീണയും സിഎംആർഎല്ലും തമ്മിലുണ്ടാക്കിയ കരാർ അടക്കം 134 രേഖകൾ വേണമെന്നാണ് ഹർജി.

വീണയും സിഎംആർഎല്ലും തമ്മിലുണ്ടാക്കിയ 2016ലെ കരാർ, എക്സാലോജിക്കും സിഎംആർഎല്ലും 2017ൽ ഉണ്ടാക്കിയ കരാർ, എക്സാലോജിക്ക് ഫിനാൻഷ്യൽ സ്റ്റേറ്റമെൻ്റ്, വീണയുടെ ഐടി റിട്ടേൺ വിശദാംശങ്ങൾ, എംപവർ ഇന്ത്യ ക്യാപിറ്റൽ കമ്പനി ലോൺ വിശദാംശങ്ങൾ, വീണയുടെ ലോൺ തിരിച്ചടവിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകൾക്കാണ് അപേക്ഷ നൽകിയത്.

വീണാ വിജയൻ
പെരുമഴപ്പെയ്ത്ത് തുടരും... ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് സിഎംആർഎൽ-എക്സാലോജിക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.

കരിമണല്‍ ഖനനം നടത്തുന്ന സിഎംആര്‍എല്‍ കമ്പനിയുടെ തടസമില്ലാത്ത പ്രവർത്തനത്തിന് പണം നൽകിയെന്നാണ് ആരോപണം. പല രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ പണം നൽകിയെങ്കിലും കൂടുതല്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജികിനാണെന്നാണ് പരാതി.

2019 ജനുവരിയില്‍ ആദായ നികുതി വകുപ്പ് സിഎംആര്‍എല്ലില്‍ നടത്തിയ റെയ്ഡില്‍ 132.82 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതില്‍ 1.72 കോടി രൂപയാണ് വീണ വിജയൻ്റെയും എക്‌സാലോജിക് കമ്പനി അക്കൗണ്ടിലേക്കും എത്തിയെന്നാണ് കണ്ടെത്തൽ. കൂടാതെ വീണയുടെ കമ്പനിക്ക് ലഭിച്ച പണത്തിൻ്റെ രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.

News Malayalam 24x7
newsmalayalam.com