കൊച്ചി: ചിന്നക്കനാൽ ഭൂമി കയ്യേറ്റ കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്ക് എതിരെ ഇ ഡി അന്വേഷണം. മാത്യു കുഴൽനാടനെ ചോദ്യം ചെയ്യുന്നതിന് വേണ്ടിയുള്ള നോട്ടീസ് ഉടൻ അയക്കുമെന്ന സൂചനയും പുറത്തുവന്നിരുന്നു.
ചിന്നക്കനാൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കും. ചിന്നക്കനാലിൽ 50 സെൻ്റ് സർക്കാർ ഭൂമി കൈയ്യേറുകയും, അവിടെ കെട്ടിടം പണിയുകയും ചെയ്തുവെന്നാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ രേഖകൾ ഇഡി ശേഖരിച്ചിട്ടുണ്ട്.
ചിന്നക്കനാൽ ഭൂമി കയ്യേറ്റ കേസിൽ ഇഡി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തി.
"ഇഡി അല്ല, സിബിഐ വന്നാലും ഈ വിഷയത്തിൽ ഒറ്റ നിലപാടെ ഉള്ളൂ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയപ്രേരിതമെന്നോ മാധ്യമസൃഷ്ടി എന്നോ പറഞ്ഞു ഒളിച്ചോടുകയോ ഒഴിഞ്ഞുമാറുകയോ ഇല്ല. ധീരതയോടെ നേരിടും.പോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല. ശേഷം പിന്നാലെ.."മാത്യു കുഴൽനാടൻ ഫേസ്‌ബുക്കിൽ കുറിച്ചു.