

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇഡിയുടെ നിര്‍ണായക നീക്കം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, മകള്‍ വീണ ടി., വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇഡി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കി. കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. കത്ത് ലഭിച്ചെന്ന് ഡിജിപി വ്യക്തമാക്കി. അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടും ഉപദേശം തേടിയശേഷമാകും തുടര്‍ നടപടിയെന്നാണ് വിവരം.
പിഎംഎൽഎ ആക്ട് (പണം വെളുപ്പിക്കൽ നിരോധന നിയമം) സെക്ഷൻ 66(2) പ്രകാരമാണ് ഇഡി ഡിജിപിക്ക് കത്ത് നല്‍കിയിട്ടുള്ളത്. കേസിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ വിജിലൻസിന് മാത്രമേ അധികാരമുള്ളൂ എന്നതിനാലാണ് ഇഡി ഡിജിപിക്ക് കത്ത് നൽകിയത്. പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളാണ് ഡിജിപിക്ക് കൈമാറിയ ഇഡി റിപ്പോർട്ടിലുള്ളത്. സിഎംആര്‍എല്ലില്‍നിന്ന് മകൾ വഴി പിണറായി 3.8 കോടി രൂപ കൈക്കൂലി വാങ്ങി. മുഹമ്മദ് റിയാസും കൈക്കൂലി വാങ്ങി. റിയാസ് കൈക്കൂലിയായി വാങ്ങിയ പണം ദുബായിലേക്ക് കടത്തി. കൈക്കൂലി വാങ്ങാനും പണം വിദേശത്തേക്ക് മാറ്റാനും ടി. വീണ സഹായിച്ചെന്നുമാണ് റിപ്പോർട്ട്.
യാതൊരു സേവനവും നൽകാതെയാണ് സിഎംആർഎൽ വീണയ്ക്ക് പണം നല്‍കിയതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെന്ന നിലയിലാണ് തുക കൈമാറിയത്. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്താണ് വീണയ്ക്ക് കരാര്‍ ലഭിക്കുന്നത്. 2017 മുതല്‍ 2020 വരെയാണ് പണം കൈമാറിയിട്ടുള്ളത്. വീണയ്ക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപയും അവരുടെ കമ്പനിയായ എക്സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും വീതമാണ് ലഭിച്ചുകൊണ്ടിരുന്നത്. ലഭിച്ച തുകയ്ക്ക് സേവനങ്ങള്‍ കൈമാറിയതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ ലഭിച്ച പണം മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി. അതിനായി വീണ വിദേശത്തേക്ക് പണം അയച്ചു എന്നതുള്‍പ്പെടെ ആരോപണങ്ങളും ഇഡി മുന്നോട്ടുവച്ചിരുന്നു.
അതേസമയം, ഇഡിയുടെ കത്തിൽ ഡിജിപി നിയമോപദേശം തേടും. കത്ത് ലഭിച്ചുവെന്ന് ഡിജിപി അറിയിച്ചു. അൽപസമയം മുമ്പാണ് ഓഫീസിൽ കത്ത് ലഭിച്ചതെന്നും പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കത്ത് ഡിജിപി സർക്കാരിന് കൈമാറാനാണ് സാധ്യത. അഡ്വക്കേറ്റ് ജനറലിനോടും, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടും ഉപദേശം തേടിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാവുക.
ഇഡി കത്തില്‍ ഡിജിപിയുടെ ഭാഗത്തുനിന്ന് തുടര്‍നടപടികള്‍ ഉണ്ടായാല്‍, പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. രാഷ്ട്രീയപ്രേരിത നീക്കം എന്ന് ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക. അതേസമയം, ഇഡി നീക്കം പാര്‍ട്ടിയും ചര്‍ച്ച ചെയ്യും. മൂന്ന് മണിക്ക് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.