തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ പങ്കെടുത്ത കായികതാരങ്ങളിൽ അർഹരായവർക്ക് വീട് പണിത് നൽകുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന നിരവധി വിദ്യാർത്ഥികൾ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടി. താൽപര്യമുള്ള സംഘടനകൾക്ക് വേണ്ട സഹായവും നൽകാം.ആദ്യഘട്ടത്തിൽ 50 കുട്ടികൾക്കാണ് വീട് പണിത് നൽകുക.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി സംഘടനകളുമായി ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞതായും പലരിൽ നിന്നും പോസിറ്റീവായ പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്കൂൾ ഒളിംപിക്സിൽ പങ്കെടുത്ത ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി ഇതിനകം വീട് വെച്ച് കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആൻ്റ് ഗൈഡ്‌സും വീട് നിർമിച്ച് നൽകും.