"വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറയുമ്പോൾ, സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു"

കുട്ടിക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സഹായവും സർക്കാർ ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിSource: Facebook
Published on

ആലപ്പുഴ: ചാരുംമൂടിൽ പിതാവും രണ്ടാനമ്മയും ഉപദ്രവിച്ച കുഞ്ഞിനെ നേരിട്ട് കണ്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കുഞ്ഞിനെ സംസ്ഥാന സർക്കാർ ചേർത്തു നിർത്തുമെന്ന് പറഞ്ഞ മന്ത്രി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാമിത്രം എന്ന പുതിയ കർമ്മപദ്ധതിയും പ്രഖ്യാപിച്ചു.

"ആ കുഞ്ഞുമോളെ നേരിൽ കണ്ടപ്പോൾ എൻ്റെ മനസ്സിൽ ഒരുപാട് വേദന തോന്നി," സന്ദർശനത്തിന് ശേഷം മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഈ സംഭവത്തിന്റെ ആഘാതത്തിലും നിറഞ്ഞ ചിരിയോടെയാണ് അവൾ സംസാരിച്ചത്. സംസാരിക്കുന്നതിനിടയിൽ, 'വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം' എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറയുമ്പോൾ, സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പ്രയാസകരമായ ഈ സാഹചര്യത്തിൽ കുട്ടിക്ക് താങ്ങും തണലുമായി സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയതായി മന്ത്രി അറിയിച്ചു. സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

വീട്ടിലും സമൂഹത്തിലും കുട്ടികൾ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര കർമ്മപദ്ധതിയാണ് സുരക്ഷാ മിത്രം. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. ഈ വിഷയത്തിൽ സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നത്. കുട്ടിക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സഹായവും സർക്കാർ ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പദ്ധതി നടത്തിപ്പിനും പരിശീലനത്തിനുമായി ആരോഗ്യ വകുപ്പിന് കീഴിലുളള സെന്റർ ഫോർ ചൈൽഡ് ഡവലപ്‌മെന്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഹെൽപ് ബോക്‌സ്

എല്ലാ സ്‌കൂളുകളിലും കുട്ടികൾക്ക് പരാതികളും ദുരനുഭവങ്ങളും രഹസ്യമായി രേഖപ്പെടുത്താൻ ഒരു ഹെൽപ് ബോക്‌സ് സ്ഥാപിക്കും. ഇത് ഹെഡ്മാസ്റ്ററുടെയോ ഹെഡ്മിസ്ട്രസിന്റെയോ ചുമതലയിലായിരിക്കും.

ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്‌സ് തുറന്ന് ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തി തുടർനടപടികൾക്കായി വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം.

അധ്യാപകരുടെ പങ്ക്

കുട്ടികളുടെ പെരുമാറ്റത്തിലോ പഠനത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ച്, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് തിരിച്ചറിയാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. കുട്ടികളെ നിരീക്ഷിക്കുന്നതിനും അവരുമായി സൗഹൃദപരമായി ഇടപെടുന്നതിനും ഊന്നൽ നൽകും. ഡയറി എഴുത്ത്, സീറോ ഹവർ പോലുള്ള ആശയങ്ങളിലൂടെ കുട്ടികൾക്ക് അധ്യാപകരുമായി മനസ്സുതുറന്ന് സംസാരിക്കാൻ അവസരം നൽകും.

സംയോജിത പ്രവർത്തനങ്ങൾ

വനിതാ ശിശുവികസനം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം, ആരോഗ്യം, പോലീസ് തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് ഈപദ്ധതി നടപ്പാക്കും. കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായം, കൗൺസിലിംഗ്, പുനരധിവാസം എന്നിവ ഉറപ്പുവരുത്താൻ ഈ വകുപ്പുകളുടെ സഹായം തേടും. നിലവിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റി, ഹെൽപ്പ് ലൈന്‍ 1098 എന്നിവയുടെ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കും.

പാരന്റിങ് ക്ലിനിക്കുകൾ

പ്രശ്‌നങ്ങളുള്ള രക്ഷിതാക്കൾക്ക് കൗൺസിലിംഗ് നൽകാനായി നിലവിലുള്ള പാരന്റിങ് ക്ലിനിക്കുകൾ കൂടുതൽ സജീവമാക്കും. ബ്ലോക്ക് തലങ്ങളിൽ ഇതിനായി സംവിധാനങ്ങളുണ്ട്.

പുനരധിവാസം

സംരക്ഷണം ആവശ്യമുള്ള കുട്ടികൾക്കായി സർക്കാർ ഹോമുകളും പ്രത്യേക ഹോമുകളുംപ്രവർത്തിക്കുന്നുണ്ട്. ഈ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. ലഹരിവിമുക്ത പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ മാതൃകയിൽ, കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com