പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം അതേ വേദിയിൽ അവതരിപ്പിച്ചു; നിലപാടിൽ ഉറച്ചുനിന്ന വിദ്യാർഥികളെ അഭിനന്ദിച്ച് മന്ത്രി

മൈം അവതരിപ്പിക്കാനുള്ള എല്ലാ വിധ സംവിധാനങ്ങളും ഒരുക്കുമെന്ന് കുട്ടികൾക്ക് വാക്ക് നൽകിയതാണ് എന്നും മന്ത്രി കുറിച്ചു.
V Sivankutty
Published on

തിരുവനന്തപുരം: പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം അതേ വേദിയിൽ അവതരിപ്പിച്ച വിദ്യാർഥികളെ അഭിനനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മൈം അവതരിപ്പിക്കാനുള്ള എല്ലാ വിധ സംവിധാനങ്ങളും ഒരുക്കുമെന്ന് കുട്ടികൾക്ക് വാക്ക് നൽകിയതാണ്. ആ വാക്ക് സർക്കാർ പാലിച്ചു. കുട്ടികളുടെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അവകാശങ്ങൾക്കും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ഈ സർക്കാർ എന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അവരുടെ മൈം അവതരിപ്പിക്കാൻ അവസരമൊരുക്കിയതിലൂടെ നാം ഉയർത്തിപ്പിടിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെയും കലയുടെ ശക്തിയെയുമാണ്. ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാൻ നമ്മുടെ കുട്ടികൾക്ക് ധൈര്യവും പ്രോത്സാഹനവും നൽകേണ്ടത് നമ്മുടെ കടമയാണ് എന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

പ്രിയമുള്ളവരെ,

കാസർഗോഡ് കുമ്പള ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കലോത്സവ വേദിയിൽ തടഞ്ഞുവെക്കപ്പെട്ട മൈം, അതേ വേദിയിൽ അവതരിപ്പിക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ആ വാക്ക് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആ വിദ്യാർത്ഥികളുടെ സർഗാത്മകമായ പ്രതിഷേധം വിജയകരമായി വേദിയിലെത്തി.

V Sivankutty
പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം; വീണ്ടും വേദിയിൽ അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍

കുട്ടികളുടെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അവകാശങ്ങൾക്കും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ഈ സർക്കാർ എന്ന് ഒരിക്കൽ കൂടി ഉറക്കെ പ്രഖ്യാപിക്കുകയാണ്. തടസ്സങ്ങളെല്ലാം മാറ്റി, അവരുടെ മൈം അവതരിപ്പിക്കാൻ അവസരമൊരുക്കിയതിലൂടെ നാം ഉയർത്തിപ്പിടിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെയും കലയുടെ ശക്തിയെയുമാണ്. ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാൻ നമ്മുടെ കുട്ടികൾക്ക് ധൈര്യവും പ്രോത്സാഹനവും നൽകേണ്ടത് നമ്മുടെ കടമയാണ്.

അവതരണത്തിന് അവസരമൊരുക്കാൻ മുന്നിട്ടിറങ്ങിയ സംഘാടകരെയും അധ്യാപകരെയും, ധീരമായി തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്ന പ്രിയ വിദ്യാർത്ഥികളെയും ഹൃദയത്തോട് ചേർത്തഭിനന്ദിക്കുന്നു. നിങ്ങളുടെ ധൈര്യമാണ് നാളെയുടെ പ്രതീക്ഷ. എല്ലാ ഭാവുകങ്ങളും നേരുന്നു.

ഒക്ടോബർ 3 നായിരുന്നു കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ആരംഭിച്ചത്. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രമേയമാക്കിയ മൈം അവതരിപ്പിക്കുന്നതിനിടയിൽ വേദിയിൽ അധ്യാപകർ കയറി പരിപാടിക്ക് തടസം നിൽക്കുകയും കലോത്സവം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. പലസ്തീൻ കുട്ടികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളടക്കം പ്രമേയമാക്കിയ മൈം അവതരണം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ അധ്യാപകർ വേദിയിലെത്തി കർട്ടൻ ഇടാൻ ആവശ്യപ്പെടുകയായിരുന്നു.

V Sivankutty
കാസർ​ഗോഡ് പലസ്തീൻ ഐക്യദാർഢൃ മൈം നിർത്തിച്ചതിൽ അധ്യാപകർക്ക് വീഴ്ച; പ്രാഥമിക റിപ്പോർട്ട് നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ

മൈം അവതരണത്തിന് പിന്നാലെ വിവാദങ്ങൾ ഉയർന്നതോടെ വിദ്യാഭ്യാസ മന്ത്രി ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. വീണ്ടും മൈം അവതരിപ്പിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. ഇതിനുപിന്നാലെയാണ് കുട്ടികൾ അതേ മൈം വേദിയിൽ അവതരിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com