തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ പേരിന് കൂടെ നിർത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ധാരണാ പത്രത്തിലെ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഏത് പാഠം പഠിപ്പിക്കണം പഠിപ്പിക്കരുത് എന്ന് തീരുമാനിക്കാനുള്ള പരമാധികാരം സംസ്ഥാനത്തിനാണെന്നും ശിവൻകുട്ടി പറഞ്ഞു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.
ഇന്ന് പുറത്തിറക്കിയ പത്രങ്ങളിലാണ് ശിവൻകുട്ടിയുടെ ലേഖനമുള്ളത്. ചര്‍ച്ചയിൽ സിപിഐ തള്ളിയ വാദങ്ങളാണ് വിദ്യാഭ്യാസ മന്ത്രി ലേഖനത്തിൽ ആവര്‍ത്തിക്കുന്നത്. മതനിരപേക്ഷത ഉറപ്പിക്കും എന്നും കുട്ടികളുടെ പക്ഷത്ത് എന്ന തലക്കെട്ടോടെയാണ് ലേഖനം. കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. കരിക്കുലത്തിൽ കേന്ദ്രം മാറ്റം വരുത്തില്ലെന്നും അത്തരം പ്രചാരണം അവാസ്തവമാണെന്നും മറ്റു സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയെന്നും ഇതിനുശേഷമാണ് കേരളം പദ്ധതിയിൽ ഒപ്പുവെച്ചതെന്നും മതനിരപേക്ഷതയിൽ വെള്ളം ചേര്‍ക്കാൻ അനുവദിക്കില്ലെന്നും മന്ത്രി ലേഖനത്തിൽ പറയുന്നു.
അതേസമയം, പിഎം ശ്രീ പദ്ധതിയുടെ തുടർനടപടികൾക്ക് മന്ത്രിതല ഉപസമിതി രൂപീകരിക്കാമെന്ന് നിർദേശം. സമിതിയിൽ സിപിഐ മന്ത്രിമാരെയും ഉൾപ്പെടുത്തും. സമിതിയുടെ നിരീക്ഷണത്തിലായിരിക്കും തുടർ നടപടികൾ. പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്നതടക്കം സമിതി പരിശോധിക്കും.