ആലപ്പുഴ: കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിലെ യൂത്ത് കോൺഗ്രസ് അക്രമം തീർത്തും അപലപനീയമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ക്ലാസ് നടന്നു കൊണ്ടിരിക്കെ സ്കൂളിൽ കയറി കുട്ടികൾക്കുള്ള ഭക്ഷണത്തിൽ മണ്ണ് വാരി ഇടുന്നത് അടക്കമുള്ള അക്രമപ്രവർത്തനങ്ങൾ കേട്ടിട്ട് പോലും ഇല്ല. വാർത്താചാനലുകളിൽ കണ്ട ഭയചകിതരായ കുഞ്ഞുങ്ങളുടെ മുഖം മനസിൽ നിന്ന് മായുന്നില്ലെന്നും വി. ശിവൻകുട്ടി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ആലപ്പുഴ കാർത്തികപ്പള്ളി സർക്കാർ യു പി സ്കൂളിൽ യൂത്ത് കോൺഗ്രസ് അക്രമം തീർത്തും അപലപനീയമാണ്. ക്ലാസ് നടന്നു കൊണ്ടിരിക്കെ സ്കൂളിൽ കയറി കുട്ടികൾക്കുള്ള ഭക്ഷണത്തിൽ മണ്ണ് വാരി ഇടുന്നത് അടക്കമുള്ള അക്രമപ്രവർത്തനങ്ങൾ കേട്ടിട്ട് പോലും ഇല്ല. വാർത്താചാനലുകളിൽ കണ്ട ഭയചകിതരായ കുഞ്ഞുങ്ങളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല.
ഒരുകാര്യം വ്യക്തമാക്കാം. കേരളത്തിലെ സ്കൂളുകൾ സമാധാനപരമായി പ്രവർത്തിപ്പിക്കാൻ സർക്കാരിന് അറിയാം. യൂത്ത് കോൺഗ്രസ് സമരാഭാസത്തിനെതിരെ പൊതുസമൂഹം ഒന്നാകെ രംഗത്ത് വരണം.
കാർത്തികപ്പള്ളിയില്‍ സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന യൂത്ത് കോണ്‍ഗ്രസ് മാർച്ചാണ് സംഘർഷത്തില്‍ കലാശിച്ചത്. സ്കൂള്‍ വളപ്പിലാണ് സിപിഐഎം- യൂത്ത് കോണ്‍ഗ്രസ് സംഘർഷമുണ്ടായത്. സ്കൂളില്‍ ക്ലാസ് നടക്കുന്നതിന് ഇടയിലായിരുന്നു കയ്യാങ്കളി. സംഘർഷത്തില്‍ മാധ്യമ പ്രവർത്തകനും പഞ്ചായത്ത് അംഗത്തിനും പരിക്കേറ്റു.
സ്കൂളിന്റെ ഗേറ്റ് തള്ളിത്തുറന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വളപ്പില്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതിന് എതിർവശത്തായി സിപിഐഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവർ നിലയുറപ്പിച്ചിരുന്നു. ഇവർ തമ്മിലാണ് സംഘർഷം നടന്നത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പാത്രങ്ങള്‍ അടക്കം വലിച്ചെറിഞ്ഞായിരുന്നു ആക്രമണം.
നേരത്തെ, സ്കൂളിനുള്ളില്‍ നിന്ന് മാധ്യമങ്ങളെ ബലമായി പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. സിപിഐഎം പ്രതിനിധിയായ വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് മാധ്യമങ്ങളെ പുറത്താക്കിയത്.
കഴിഞ്ഞ ദിവസമാണ്, ശക്തമായി പെയ്ത മഴയില്‍ കാർത്തികപ്പള്ളി സ്കൂളിന്റെ മേൽക്കൂര തകർന്നുവീണത്. രാവിലെയോടെയായിരുന്നു അപകടം. സ്‌കൂളിന്റെ മുന്‍വശത്തുള്ള കെട്ടിടമാണ് തകർന്നത്. സ്‌കൂള്‍ അവധിയായത് കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.