മലപ്പുറം: സ്കൂൾ കെട്ടിട ഉദ്ഘാടനത്തിനിടെ പ്രധാന അധ്യാപകനും ഡിഇഒയ്ക്കും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ മുന്നറിയിപ്പ്. പഴയ കെട്ടിടം ഉടൻ പൊളിച്ച് നീക്കിയില്ലെങ്കിൽ പ്രധാന അധ്യാപകനും ഡിഇ ഒയും കേസിൽ പ്രതിയാകുമെന്ന് മന്ത്രി അറിയിച്ചു. കൊണ്ടോട്ടി ചിറയിൽ ഗവ. യുപി സ്കൂൾ കെട്ടിട ഉദ്ഘാടനത്തിനിടെയായിരുന്നു മന്ത്രിയുടെ താക്കീത്.
സസ്പെൻഷൻ ഉറപ്പാണെന്ന് മുന്‍കൂറായി പറയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. "പത്തനംതിട്ട ഒരു ഓഫീസില്‍ ഒരു ടീച്ചറുടെ മുടങ്ങിക്കിടന്ന 80 ലക്ഷം രൂപ കൊടുക്കുന്നതില്‍ ഞാന്‍ ഉത്തരവിട്ടു. സെക്രട്ടറി ഉത്തരവിട്ടു. അത് നടപ്പാക്കാതെ വന്നപ്പോള്‍, കോളേജില്‍ തന്റെ മകന്റെ ഫീസ് അടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നപ്പോള്‍ ഒരച്ഛന്‍ ആത്മഹത്യ ചെയ്തു. അതിന് ഉത്തരവാദിയായിട്ടുള്ള സൂപ്രണ്ട് അടക്കമുള്ള അഞ്ചു പേരെ ഇന്നലെ തന്നെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഓഫീസില്‍ കയറിയിറങ്ങുന്ന സാധാരണക്കാരെ എന്തിനാണ് ഉപദ്രവിക്കുന്നത്. യഥാർഥത്തില്‍ സസ്പെന്‍ഷനല്ല ഇത്തരം ആളുകള്‍ക്ക് നല്‍കേണ്ടത്. പിരിച്ചുവിടാനുള്ള നിയമപരമായ അധികാരവും സർക്കാരിനുണ്ടെന്ന് ഓർമിപ്പിക്കുകയാണ്, വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഇന്ന് സ്കൂളുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന് വിളിച്ച യോഗത്തില്‍ കർശനമായ നിർദേശങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി ദുരന്ത നിവാരണ വകുപ്പിനോട് നിർദേശിച്ചു.
പൊളിച്ചുമാറ്റിയ സ്കൂള്‍ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാകുന്നത് വരെ ക്ലാസുകള്‍ നടത്താന്‍ ബന്ധപ്പെട്ട അധികൃതർ പകരം സംവിധാനം കണ്ടെത്തണം. അണ്‍ എയ്ഡഡ് സ്കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.