

പെരുന്നാൾ ദിനത്തിലും ക്ഷേമ പെൻഷൻ വിതരണം നടത്താത്തതിൽ യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി സിപിഐഎം. മെയ് 19ന് 25 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചിരുന്നു. ഇതിനായി 1070 കോടി രൂപ അനുവദിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ പെരുന്നാൾ ദിനമായ 28ാം തീയതി ആയിട്ടും പെൻഷൻ വിതരണം ആരംഭിച്ചിട്ടില്ലെന്നാണ് സിപിഐഎമ്മിൻ്റെ ആരോപണം.
യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ക്ഷേമ പെൻഷൻ വിതരണം ചെയ്യേണ്ട ദിവസമായിട്ടു കൂടി പെൻഷൻ വിതരണം ചെയ്തിട്ടില്ല. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് വിശേഷ ദിവസങ്ങളിൽ മുൻകൂറായി പണം നൽകിയിരുന്നതായും സിപിഐഎമ്മിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 18 മാസം പെൻഷൻ മുടക്കിയ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തേക്കുള്ള തിരിച്ചുപോക്കാണിതെന്നും പോസ്റ്റിലുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
പത്തു വർഷത്തിന് ശേഷം പെൻഷൻ ലഭിക്കാത്ത പെരുന്നാൾ ദിനം. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യ വിശേഷ അവസരമായ ബക്രീദിന് പോലും പെൻഷൻ ഉറപ്പാക്കാൻ കഴിഞ്ഞില്ല. 25 മുതൽ പെൻഷൻ നൽകുമെന്ന് വി ഡി സതീശൻ പ്രഖ്യാപിച്ചെങ്കിലും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ അക്കൗണ്ടിൽ പണം എത്തിയില്ല.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഓണം, ക്രിസ്‌മസ്, ചെറിയപെരുന്നാൾ തുടങ്ങി മലയാളികളുടെ എല്ലാ വിശേഷ അവസരങ്ങളിലും മുൻകൂറായി ക്ഷേമപെൻഷൻ ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ വിഷുവിനടക്കം രണ്ടു മാസത്തെ പെൻഷൻ ആളുകളിലെത്തി. 18 മാസം ക്ഷേമപെൻഷൻ മുടക്കിയ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കുള്ള തിരിച്ചു പോക്കിന്റെ തുടക്കമാണ് ഇതെന്നാണ് ആളുകൾ പറയുന്നത്. ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ എത്തിയവരാണ് നിലവിലുള്ള പെൻഷൻ പോലും കൃത്യമായി ആളുകളിൽ എത്തിക്കാത്തത്.